ജപ്പാൻ കടലിൽ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം; കിമ്മിന്റെ പ്രകോപനം

ജപ്പാൻ കടലിൽ ഉത്തരകൊറിയ രണ്ട് ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ചുവെന്ന് യുഎസും ജപ്പാനും. യുഎസ് പ്രസിഡന്റായി ജോ ബൈഡൽ അധികാരമേറ്റതിനു ശേഷം ഉത്തരകൊറിയയുടെ ആദ്യ പരീക്ഷണമാണിത്. യുഎൻ സെക്യൂരിറ്റി കൗൺസിൽ പ്രമേയ പ്രകാരം ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിക്കുന്നതിൽനിന്ന് ഉത്തരകൊറിയയെ വിലക്കിയിരുന്നു. ജപ്പാനും ദക്ഷിണ കൊറിയയും ഉത്തരകൊറിയയുടെ പരീക്ഷണത്തെ അപലപിച്ചു. ചൊവ്വാഴ്ച, രണ്ട് ബാലിസ്റ്റിക് ഇതര മിസൈലുകൾ പരീക്ഷിച്ചതിനു തൊട്ടുപിന്നാലെയാണ് ഉത്തര കൊറിയയുടെ ഇപ്പോഴത്തെ നടപടി.

ഇതിന്റെ അവശിഷ്ടങ്ങളൊന്നും കണ്ടെടുത്തിട്ടില്ലെന്ന് ജപ്പാൻ പറഞ്ഞു. ഉത്തരകൊറിയയുടെ അനധികൃത ആയുധ പദ്ധതി അയൽക്കാർക്കും രാജ്യാന്തര സമൂഹത്തിനും ഉയർത്തുന്ന ഭീഷണി പരിശോധിക്കണണെന്ന് ഏഷ്യ-പസഫിക് മേഖലയിലെ സൈനിക സേനയുടെ മേൽനോട്ടം വഹിക്കുന്ന യുഎസ് പസഫിക് കമാൻഡ് പറഞ്ഞു. അതേസമയം, ജോ ബൈഡൻ ഇതേക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഉത്തരകൊറിയൻ പൗരന്‍ മുൻ ചോൽ മ്യുങിനെ മലേഷ്യയിൽനിന്ന് നാടുകടത്തിയതിന് ശേഷം യുഎസ് കസ്റ്റഡിയിലെടുത്തിരുന്നു. അതിനു പിന്നാലെയാണ് ഈ പരീക്ഷണം. ഉത്തരകൊറിയയ്ക്ക് ആഡംബര വസ്തുക്കൾ നൽകുന്നതിന് യുഎസ് ധനകാര്യ സംവിധാനത്തിലൂടെ പണം കവർന്നതായി ആരോപിച്ചാണ് ബിസിനസുകാരനായ മുൻ ചോൽ മ്യുങിനെ മലേഷ്യയിൽനിന്ന് നാടുകടത്തിയത്. നടപടി ഉത്തര കൊറിയയെ പ്രകോപിപ്പിക്കുകയും മലേഷ്യയുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കുകയും ചെയ്തിരുന്നു. ഹ്രസ്വ-ദൂര മിസൈലുകളോ ക്രൂയിസ് മിസൈലുകളോ ഉത്തരകൊറിയ വിക്ഷേപിക്കുന്നത് യുഎൻ സുരക്ഷാ സമിതിയുടെ പ്രമേയങ്ങളിൽ നിരോധിച്ചിട്ടില്ല.