ഫോണിൽ അശ്ലീലം കണ്ട് വിദ്യാർഥി; കിമ്മിന്റെ ശിക്ഷ കിട്ടിയത് രക്ഷിതാക്കൾക്കും പ്രിൻസിപ്പലിനും

ഏകാധിപതി കിം ജോങ് ഉന്നിന്റെ ഉത്തര കൊറിയ അശ്ലീലം കാണുന്നവർക്കെതിരെ നിയമം കർശനമാക്കി. ഫോണിൽ അശ്ലീലം കണ്ട വിദ്യാർഥിയെ കഴിഞ്ഞ ദിവസം പിടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കിം ജോങ് ഉൻ പോൺ കാണുന്നവർക്ക് കഠിന ശിക്ഷ നൽകാൻ ഉത്തരവിട്ടത്. ഉത്തര കൊറിയൻ സർക്കാർ രാജ്യത്തുടനീളം അശ്ലീലത്തിനെതിരെ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. 

സ്കൂളുകളിൽ അശ്ലീലതയ്‌ക്കെതിരെ ഭരണകക്ഷിയായ വർക്കേഴ്‌സ് പാർട്ടി ബോധവൽക്കരണ ക്യാംപെയ്നും തുടങ്ങി. ഉത്തര കൊറിയയിൽ ഇനി മുതൽ അശ്ലീല ഉള്ളടക്കങ്ങൾ നിർമിക്കുന്നവർക്കും വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും വധശിക്ഷ പോലും ലഭിക്കുമെന്നാണ് അറിയുന്നത്. അശ്ലീലം കാണുന്നത് സമൂഹത്തെ നശിപ്പിക്കുമെന്നാണ് കിം ജോങ് ഉൻ പറഞ്ഞത്. അശ്ലീലം കണ്ട വിദ്യാർഥിയെ കിം ജോങ് ഉൻ കഠിന ശിക്ഷയ്ക്ക് വിധേയനാക്കിയതിന്റെ കാരണവും ഇതാണ്. ഫോണിലെ ഐപി വിലാസം കണ്ടെത്തിയാണ് പൊലീസ് വിദ്യാർഥിയുടെ വീട്ടിലെത്തിയത്. സ്കൂളിൽ പോകുന്ന കുട്ടി വീട്ടിലിരുന്ന് അശ്ലീലം കണ്ടത് ഗുരുതരമായ തെറ്റായാണ് ഡെയ്‌ലി എൻ‌കെ റിപ്പോർട്ട് ചെയ്തത്. 

രക്ഷിതാക്കൾ വീട്ടിൽ ഇല്ലാതിരുന്നപ്പോഴാണ് കുട്ടി അശ്ലീലം കണ്ടത്. എന്നാൽ, പൊലീസ് ഐപി വിലാസം കണ്ടെത്തി അശ്ലീല വിഡിയോ കാണുന്നതിനിടെ കുട്ടിയെ പിടിക്കുകയായിരുന്നു. അശ്ലീലം കണ്ടതിനുള്ള ശിക്ഷ എന്ന നിലയിൽ കുട്ടിയേയും കുടുംബാംഗങ്ങളേയും സമൂഹത്തിൽ നിന്ന് പുറത്താക്കി അതിർത്തി പ്രദേശത്തേക്ക് കൊണ്ടുപോയി. എന്നാൽ, വധശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടു.

കുട്ടി പഠിച്ചിരുന്ന സ്‌കൂളിന്റെ പ്രിൻസിപ്പലിനെയും ശിക്ഷയിൽ നിന്ന് ഒഴിവാക്കിയിട്ടില്ല. ഉത്തര കൊറിയയുടെ നിയമമനുസരിച്ച് കുട്ടികളുടെ ഏതെങ്കിലും തെറ്റിന് സ്കൂളിന്റെ പ്രിൻസിപ്പൽ ഉത്തരവാദിയാണ് എന്നാണ്. ഈ സാഹചര്യത്തിൽ പ്രിൻസിപ്പൽ തന്റെ ഉത്തരവാദിത്തങ്ങൾ ശരിയായ രീതിയിൽ നിർവഹിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും ശിക്ഷയായി അദ്ദേഹത്തെ ലേബർ ക്യാംപിലേക്ക് അയച്ചതായും പറയപ്പെടുന്നു.നിയമങ്ങൾ കർശനമായി നടപ്പാക്കുന്ന ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ഉത്തര കൊറിയ. രാജ്യത്ത് കൊറോണ വൈറസ് വ്യാപിക്കുന്നത് തടയാൻ ഒരു വർഷം മുഴുവൻ രാജ്യം അടച്ചിട്ടിരിക്കുകയാണ്.