ഈ ശതകോടീശ്വരൻ പിന്നെ വന്നത് ഒരുവട്ടം മാത്രം; മാഞ്ഞോ മാ?

ചൈനയിലെ ഏറ്റവും വലിയ ധനികന്‍ എന്ന നേട്ടത്തിലേക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ആലിബാബ മേധാവി ജാക് മായെ പെട്ടെന്നു കാണാതായത്. ചൈനീസ് സർക്കാരും കമ്യൂണിസ്റ്റ് പാർട്ടിയും അകമഴിഞ്ഞ പിന്തുണ നൽകിയിരുന്ന ടെക്‌നോളജി കമ്പനികളായിരുന്നു ആലിബാബയും ടെന്‍സന്റും. മായുടെ അപ്രത്യക്ഷമാകലിനു ശേഷം ആലിബാബ കമ്പനികളുടെ ഓഹരി വില കുത്തനെ ഇടിഞ്ഞു. 76 ബില്യന്‍ ഡോളര്‍ വരെയെത്തി തകർച്ച. തന്റെ പണമിടപാടു സ്ഥാപനമായ ആന്റ് ഗ്രൂപ്പിന്റെ 37 ബില്യന്‍ ഡോളര്‍ ഐപിഒയ്ക്കു തൊട്ടു മുൻപ് മാ നടത്തിയ ഒരു പ്രസ്താവനയായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിലെ ‘യു ടേണി’നു കാരണം. അനന്തരഫലത്തെപ്പറ്റി മാ ചിന്തിച്ചിരുന്നെങ്കില്‍ ആ പ്രസ്താവനയ്ക്ക് അദ്ദേഹം മുതിരില്ലായിരുന്നു. ഓഗസ്റ്റിലെ ആ പ്രസ്താവനയ്ക്കു ശേഷം മായെ ഒരിക്കല്‍ മാത്രമേ പൊതുവേദിയിൽ കണ്ടിട്ടുള്ളു.

അതേസമയം, ഫൈനാന്‍ഷ്യല്‍ ടൈംസ് (എഫ്ടി) റിപ്പോര്‍ട്ട് പ്രകാരം, മായെ പൊതു വേദികളില്‍ കാണാനില്ലെങ്കിലും അദ്ദേഹത്തിന്റെ സ്വകാര്യ വിമാനത്തിന്റെ സഞ്ചാര വിവരങ്ങളില്‍നിന്നു മനസ്സിലാകുന്നത് മാ പൂർണമായും തകർന്നിട്ടില്ലെന്നാണ്. സഞ്ചാരവിവരം ഇപ്രകാരമാണ് - പ്രശ്‌നം തുടങ്ങുന്നതിനു മുൻപ് വിമാനം മൂന്നു ദിവസത്തിലൊരിക്കല്‍ യാത്ര തിരിക്കുമായിരുന്നു. പക്ഷേ ഇപ്പോള്‍ അത് ആഴ്ചയില്‍ ഒരു തവണയാണ്. ഈ യാത്രകളില്‍ അധികവും ബെയ്ജിങ്ങിലേക്കും ഹയ്‌നാന്‍ എന്ന ദ്വീപിലേക്കുമാണ്. ഈ ദ്വീപില്‍ അദ്ദേഹം ഗോള്‍ഫ് കളിക്കുന്നുവെന്നാണ് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തത്.