ഗ്രീൻലൻഡിൽ കിടന്നുറങ്ങിയ വാൽറസ് എഴുന്നേറ്റത് അയർലൻഡിൽ; സഞ്ചരിച്ചത് 1000 കിലോമീറ്റർ

‘ഗ്രീൻലൻഡിൽ കിടന്നുറങ്ങിയ വാൽറസ് എഴുന്നേറ്റത് അയർലൻഡിൽ.’ സമൂഹമാധ്യമങ്ങളിൽ വൈറലാണ് ഈ വാചകവും ചിത്രങ്ങളും. 

അയർലൻഡിനെ ഭാഗമായ വാലന്റീന ദ്വീപിലെ ഗ്ലാൻലിം ബീച്ചിൽ കളിക്കാനെത്തിയ അ‍ഞ്ച് വയസ്സുകാരി മ്യൂയിറിയാനാണ് ഇതുവരെ കാണാത്ത വിചിത്ര ജീവിയെ കണ്ട് അമ്പരന്നത്. പിന്നീട് അച്ഛൻ അലൻ ഹൂലിഹാനെ വിവരം അറിയിച്ചു. അയർലൻഡിനു സമീപമുള്ള സമുദ്രമേഖലയിൽ സാധാരണ കാണപ്പെടുന്ന നീർനായയാകാം എന്നാണ് ആദ്യം എല്ലാവരും കരുതിയത്.

പക്ഷേ പിന്നീടാണ് ഉത്തരധ്രുവത്തിൽ കാണപ്പെടുന്ന വാൽറസ് എന്ന പ്രത്യേകതരം കടലാനയാണിതെന്ന് തിരിച്ചറിഞ്ഞത്. ഉത്തരധ്രുവപ്രദേശത്ത് കാണപ്പെടുന്നതും അയർലൻഡിൽ ഇതുവരെ കാണാത്തതുമായ ഈ വാൽറസ്  എങ്ങനെ ഇവിടെ എത്തി എന്നായി പിന്നീടുള്ള ചർച്ച.

ഇതേകുറിച്ച് ജീവശാസ്ത്ര വിദഗ്ധനായ കെവിൻ ഫ്ലാനറി പറയുന്നതിങ്ങനെ. ഉത്തരധ്രുവ മേഖലയിലെ  ദ്വീപായ ഗ്രീൻലൻഡിലെ ഒരു മഞ്ഞുപാളിയിൽ കിടന്നുറങ്ങിപ്പോയതാണത്രേ ഈ പാവം വാ‍ൽറസ്. എന്നാൽ ഉറക്കത്തിനിടയിൽ പണികിട്ടി. മഞ്ഞുപാളി കരയിൽ നിന്ന് അടർന്നുമാറി തെക്കോട്ടൊഴുകി. നല്ല ഉറക്കമായതിനാൽ വാൽറസ് ഇതൊന്നുമറിഞ്ഞില്ല. ആയിരക്കണക്കിനു കിലോമീറ്ററാണ് ഈ വാൽറസ് അയർലൻഡ് വരെയെത്താൻ സഞ്ചരിച്ചത്. ഇനി ഈ വാൽറസ് എങ്ങനെ സ്വദേശത്തേക്കു തിരികെപ്പോകുമെന്നതാണ് ശാസ്ത്രജ്ഞരെ കുഴപ്പിക്കുന്ന ചോദ്യം.

ഉത്തരധ്രുവത്തിലെ ഏറ്റവും പ്രശസ്തമായ വമ്പൻ ജീവികളാണ് വാൽറസുകൾ. ഏഴ് മുതൽ പന്ത്രണ്ട് അടി വരെ നീളത്തിൽ വളരുന്ന ഇവയ്ക്ക് 1500 കിലോ വരെയൊക്കെ ഭാരം വയ്ക്കും.ഈ ജീവികൾക്ക് ആനകളെപ്പോലെ വലിയ കൊമ്പുകളുണ്ട്. 3 അടി വരെയൊക്കെ കൊമ്പുകൾക്ക് നീളമുണ്ടാകും. ഹിമപാളികൾ പൊളിക്കാനാണ് ഈ കൊമ്പ് ഇവർ പ്രധാനമായും ഉപയോഗിക്കുന്നത്.