എട്ടു വർഷം ഉറ്റസുഹൃത്തുക്കൾ; ഒടുവിൽ സത്യമറിഞ്ഞപ്പോൾ ഞെട്ടൽ; വൈകാരികം

ക്ളൈമാക്സിലാണ് അവർ ആ സത്യം മനസിലാക്കിയത്. തങ്ങൾ സഹോദരൻമാരാണ്. കുട്ടിക്കാലത്ത് വേർപിരിഞ്ഞതായിരുന്നു. ചേട്ടാ... അനിയാ.. എന്നു വിളിച്ച് അവർ പരസ്പരം ആലിംഗനം ചെയ്യുന്നു. പഴയ കാല മലയാള സിനിമകളിലെ സ്ഥിരം രംഗങ്ങളായിരുന്നു ഇത്. സമാനമായ സംഭവമായിരുന്നു അമേരിക്കയിലെ കണക്റ്റിക്കട്് ന്യൂഹനിൽ നടന്നിരിക്കുന്നത്. 

റഷ്യന്‍ ലേഡി ബാറില്‍ ജോലി ചെയ്യുന്നതിനിടെ ജൂലിയ ടിനെറ്റി (31), കസാന്ദ്ര മാഡിസൺ (32) എന്നിവർ കണ്ടു മുട്ടി. താമസിയാതെ ഉറ്റ സുഹൃത്തുക്കളായി. സുഹൃദ് ബന്ധം എന്നു പറഞ്ഞാൽ പിരിയാനാകാത്ത വിധമുള്ള ബന്ധം. എട്ടു വർഷങ്ങൾ കടന്നു പോയി. ഇതിനിടെ കസാന്ദ്രയുടെ കയ്യിൽ പതിച്ചിരുന്ന ഡൊമിനിക്കൻ പതാക ജൂലിയ കാണാനിടയായി. നിർണായകമായ വഴിത്തിരിവായിരുന്നു അത്. തുടർന്ന് ഇരുവരും ആ പതാകയുടെ പശ്ചാത്തലത്തെക്കുറിച്ച് സംസാരിച്ചു. തങ്ങളുടെ ജീവിതപശ്ചാത്തലത്തെക്കുറിച്ച് അവർ വിശദീകരിച്ചു. അതോടെ ആ സത്യം മനസിലാക്കി. രണ്ടു പേരും ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ നിന്നു ദത്തെടുക്കപ്പെട്ടരാണ്. കസാന്ദ്രയും ജൂലിയയും തങ്ങളുടെ രേഖകൾ ഒന്നു കൂടി പരിശോധിച്ചു. എന്നാൽ മാതാപിതാക്കളുടെ പേരും സ്ഥലവും മറ്റും വ്യത്യസ്തമായിട്ടാണ് രേഖപ്പെടുത്തിയിരുന്നത്. 

ഏറെ ശ്രമത്തിനൊടുവിൽ കസാന്ദ്ര തന്റെ യഥാർഥ മാതാപിതാക്കളെ കണ്ടെത്തിയത് വഴിത്തിരിവായി. പിതാവിനോടു കാര്യങ്ങൾ തുറന്നു സംസാരിച്ചു. താങ്കൾക്കു ഒരു മകൾ കൂടി ഉണ്ടോയെന്ന ചോദ്യത്തിന് അതെ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇത്രയും ആയതോടെ ജൂലിയ ഡിഎൻഎ ടെസ്റ്റ് നടത്തി. ഫലമറിഞ്ഞപ്പോൾ ആഹ്ളാദം കൊണ്ട് കണ്ണുകൾ നിറഞ്ഞു. ഇരുവരും ഒരേ മാതാപിതാക്കളുടെ മക്കളായിരുന്നു. ജൂലിയയും കസാന്ദ്രയും ഉള്‍പ്പെടെ ഒന്‍പത് മക്കളാണ് അവരുടെ മാതാപിതാക്കള്‍ക്ക് ഉണ്ടായിരുന്നത്. മൂന്ന് ആണ്‍മക്കളും ആറു പെണ്‍മക്കളും. ദാരിദ്ര്യം കാരണം ഏതാനും മക്കളെ ദത്തു നല്‍കുകയായിരുന്നു. ഇവര്‍ക്കു പുറമെ മറ്റൊരു പെണ്‍കുഞ്ഞിനെയും അവര്‍ ദത്തു നല്‍കിയിരുന്നു.