ചാന്ദ്ര ബഹിരാകാശ നിലയം നിർമിക്കും; വൻ പദ്ധതി പ്രഖ്യാപിച്ച് റഷ്യയും ചൈനയും

ലോകത്തെ രണ്ട് വൻ ശക്തികളായ ചൈനയും റഷ്യയും വലിയൊരു ബഹിരാകാശ പദ്ധതിക്കായി ഒന്നിക്കുന്നു. ചാന്ദ്ര ബഹിരാകാശ നിലയം നിർമിക്കാനാണ് ഇരു രാജ്യങ്ങളും ധാരണയിലെത്തിയത്. ഇരുരാജ്യങ്ങളുടെയും ബഹിരാകാശ ഏജൻസികളുടെ വക്താക്കൾ അവരുടെ സർക്കാരുകൾക്കായി ധാരണാപത്രത്തിൽ ഒപ്പുവച്ചു.

ധാരണപ്രകാരം ചാന്ദ്ര ബഹിരാകാശ നിലയം സ്ഥാപിക്കുന്നതിനായി ഇരുരാജ്യങ്ങളുടെയും ബഹിരാകാശ സംവിധാനങ്ങളും ഗവേഷണങ്ങളും ഉപയോഗപ്പെടുത്തും. രാജ്യാന്തര ചാന്ദ്ര ബഹിരാകാശ നിലയമാണ് ഇരുരാജ്യങ്ങളുടെയും ലക്ഷ്യം. ഗവേഷണ സഹകരണം ശക്തിപ്പെടുത്തുക, ബഹിരാകാശത്തിന്റെ പര്യവേക്ഷണവും ഉപയോഗവും പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന എല്ലാ രാജ്യങ്ങൾക്കും ഇതിന്റെ ഭാഗമാകാമെന്നും അറിയിച്ചിട്ടുണ്ട്.

റഷ്യ–ചൈന സംയുക്ത ചാന്ദ്ര ബഹിരാകാശ നിലയത്തിനുള്ള പദ്ധതികൾ ചൊവ്വാഴ്ചയാണ് അവതരിപ്പിച്ചത്. സോവിയറ്റ് കാലഘട്ടത്തിലെ പോലെ ബഹിരാകാശ മേഖലയിൽ ശക്തമായ മുന്നേറ്റം നടത്താനാണ് റഷ്യ ലക്ഷ്യമിടുന്നത്. എന്നാൽ, ചന്ദ്രനിൽ ഒരു താവളം സ്ഥാപിക്കുക എന്നത് ചൈനയുടെയും അഭിലാഷമാണ്.