ജീവനക്കാരനെ കടിച്ചു; ബൈഡന്റെ നായ്ക്കൽ വൈറ്റ് ഹൗസിന് പുറത്തായി

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെയും ഭാര്യ ജിൽ ബൈഡന്റെയും പ്രിയപ്പെട്ട വളർത്തുനായ്ക്കൾ വൈറ്റ് ഹൗസിൽനിന്ന് പുറത്തായി. ബൈഡന്റെ പ്രിയപ്പെട്ട നായ്ക്കളിലൊന്നായ മേജർ കഴിഞ്ഞ ആഴ്ച സുരക്ഷാ ജീവനക്കാരനെ കടിച്ചതാണ് പുറത്താക്കാനുള്ള കാരണം. 2018 നവംബറിൽ ഒരു മൃഗസംരക്ഷണകേന്ദ്രത്തിൽനിന്നായിരുന്നു ബൈഡൻ മേജറിനെ ഏറ്റെടുത്തത്. സുരക്ഷാ ജീവനക്കാരനെ കടിച്ചതിനാൽ ഇതുവരെ താമസിച്ചിരുന്ന കുടുംബവീട്ടിലേക്ക് നായകളെ മാറ്റിയെന്നാണ് റിപ്പോർട്ട്.

ജിൽ ബൈഡൻ ഏതാനും ദിവസം സ്ഥലത്തില്ലാത്തതിനാൽ അവയുടെ സംരക്ഷണം ദുഷ്കരമാകുമെന്നതിനാലുമാണ് ഇത്തരത്തിൽ സ്ഥലം മാറ്റിയതെന്നും വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി അറിയിച്ചു.  ജർമൻ ഷെപ്പേഡ് ഇനത്തിൽപ്പെട്ട മേജറിന് മൂന്നു വയസാണുള്ളത്. ആദ്യമായാണ് ഒരാളെ ആക്രമിക്കുന്നതെങ്കിലും മുൻപ് പല തവണ മേജർ ചാടിയും ഓടിയും കുരച്ചുമെല്ലാം വൈറ്റ് ഹൗസ് ജീവനക്കാർക്കും അധികൃതർക്കും തലവേദന സൃഷ്ടിച്ചിട്ടുണ്ട്. മറ്റൊരു നായയായ ചാംപ് വാർധക്യസഹജമായ പ്രശ്നങ്ങൾ മൂലം ക്ഷീണിതനാണ്. 13 വയസുണ്ട് ചാംപിന്.