കന്നുകാലികളെ ഇറക്കാൻ അനുമതി നിഷേധിച്ച് തുർക്കി; ദയാവധത്തിന് സ്പെയിൻ; പ്രതിഷേധം

കന്നുകാലികളെ ഇറക്കുമതി ചെയ്യാനുള്ള അനുമതി തുർക്കി നിഷേധിച്ചതിനെ തുടർന്ന് പ്രതിസന്ധിയിലായിരിക്കുകയാണ് സ്പാനിഷ് സർക്കാർ. രണ്ട് മാസമായി എണ്ണൂറിലേറെ കന്നുകാലികളാണ് തുർക്കി തീരത്തുള്ള കപ്പലിൽ കഴിയുന്നത്. സ്പെയിനിൽ നിന്ന് കന്നുകാലികളെ അയയ്ക്കുമ്പോൾ തുർക്കി എതിർപ്പ് പ്രകടിപ്പിച്ചിരുന്നില്ല. എന്നാൽ തുർക്കിയുടെ തീരത്ത് എത്തിയതും ഇറക്കുമതി നിഷേധിക്കുകയും ചെയ്തു. 

വേണ്ടത്ര സൗകര്യങ്ങൾ ഇല്ലാതെ മാസങ്ങളായി കപ്പലിൽ കഴിയുന്ന  കന്നുകാലികളുടെ നില പരിതാപകരമാണ്. അടച്ചുപൂട്ടിയ നിലയിലുള്ള കണ്ടെയ്നറുകൾക്കുള്ളിലാണ് അവയെ പാർപ്പിച്ചിരിക്കുന്നത്. നിലവിൽ സ്പെയിനിലേക്ക് തന്നെ മടങ്ങിയ കപ്പൽ കാർട്ടജീന തുറമുഖത്ത് നങ്കൂരമിട്ടിരിക്കുകയായിരുന്നു. 895 പശുക്കളിൽ 22 എണ്ണം കപ്പലിൽ വച്ച് തന്നെ ചത്തുപോയി. കന്നുകാലികളിൽ ബ്ലൂടങ് അണുബാധയുണ്ടെന്ന് സംശയിക്കുന്നതിനാൽ ഇവയെ മറ്റ് രാജ്യങ്ങളിലും ഇറക്കാനായില്ല. ഇതോടെയാണ് കൂട്ടക്കശാപ്പ് നടത്താൻ സർക്കാർ തീരുമാനിച്ചത്.

കന്നുകാലികളെ തീരത്തിറക്കിയ ശേഷം ദയാവധം നൽകാനുള്ള നടപടികൾ അധികൃതർ ആരംഭിച്ചുകഴിഞ്ഞു. എന്നാൽ ഈ നീക്കത്തിനെതിരെ കന്നുകാലികളെ കയറ്റുമതി ചെയ്ത കമ്പനിയും മൃഗസംരക്ഷണ പ്രവർത്തകരും ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. 

വേണ്ടത്ര സൗകര്യങ്ങളില്ലാതെ രണ്ടുമാസക്കാലം കടലിൽ കഴിയേണ്ടി വന്നതിനാലാണ് കന്നുകാലികളുടെ ആരോഗ്യസ്ഥിതി മോശമായതെന്നും വേണ്ട ചികിത്സ നൽകിയാൽ അവയെ പൂർവാവസ്ഥയിൽ  എത്തിക്കാൻ  സാധിക്കുമെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. ഏഴ് മുതൽ എട്ട് മാസം വരെ പ്രായമുള്ളവയാണ് കപ്പലിൽ കഴിയുന്ന കന്നുകാലികൾ.