അതിശൈത്യം; ഭവനരഹിതര്‍ക്ക് സഹായം നല്‍കണം‍; റോമന്‍ ജനതയോട് മാര്‍പാപ്പ

ഭവനരഹിതര്‍ക്ക് കരുതലും സഹായവും നല്‍കാന്‍ റോമന്‍ ജനതയോട് ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പ. അതിശൈത്യം താങ്ങാനാവാതെ തെരുവില്‍ മരിച്ചുവീണവരെ സ്മരിച്ചുകൊണ്ട്, ഇനിയൊരു ജീവന്‍ പൊലിയാതിരിക്കാന്‍ തന്റെ വാക്കുകള്‍ക്ക് വില കല്‍പിക്കണമെന്നും പോപ്പ് വിശ്വാസികളോട് അപേക്ഷിച്ചു.

വിശ്വാസികള്‍ക്കുള്ള പകല്‍ പ്രാര്‍ത്ഥനാവേളയിലാണ് 84കാരനായ ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ മനസിന്റെ വേദന പങ്കിട്ടത്,സഹായമഭ്യര്‍ത്ഥിച്ചത്. തണുപ്പിന്റെ കാഠിന്യം താങ്ങാനാവാതെ തെരുവില്‍ മനുഷ്യജീവന്‍ പൊലിയുന്നത് തന്നെ അത്രമേല്‍ അസ്വസ്ഥനാക്കുന്നുവെന്ന് മാര്‍പാപ്പ പറഞ്ഞു. വീടില്ലാത്തവരെ സഹായിക്കണം. അവരെ മരണത്തിനു വിട്ടുകൊടുക്കരുത്. സെന്റ് പീറ്റേഴ്സ് ചത്വരത്തിനു സമീപം 46കാരനായ നൈജീരിയന്‍ സ്വദേശി  എഡ്വിന്‍, തലചായ്ക്കാനിടമില്ലാതെ തെരുവിലെ തണുപ്പില്‍ മരിക്കാനിടയായ സംഭവം വിവരിച്ചാണ് പോപ്പ് സഹായഭ്യര്‍ത്ഥന നടത്തിയത്. എഡ്വിന്‍ ഒരൊറ്റപ്പെട്ട സംഭവമല്ലെന്ന് അദ്ദേഹം ഒാര്‍മിപ്പിച്ചു..താമസത്തിനൊരിടമില്ലാതെ തെരുവില്‍ കിടന്ന് മരിക്കേണ്ടിവന്ന നാലാമനാണ് എഡ്വിന്‍. അതും വെറും 3 മാസത്തിനിടെ. എഡ്വിനു വേണ്ടി പ്രാര്‍ത്ഥിക്കാനും ഇനിയൊരു ജീവന്‍ പൊലിയാതെ നോക്കാനും നാമോരുരുത്തരും ബാധ്യസ്ഥരാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ ഒാര്‍മിപ്പിച്ചു. റോമില്‍ സഹായമാവശ്യമുള്ള ദുര്‍ബലവിഭാഗങ്ങള്‍ക്ക് താങ്ങായി പ്രവര്‍ത്തിക്കുന്ന Sant Egidio charity groupന്റെ പ്രവര്‍ത്തനത്തെ പാപ്പ പ്രകീര്‍ത്തിച്ചു. വത്തിക്കാന്‍‍ നേരിട്ടു നടത്തുന്ന കാരുണ്യപ്രവര്‍ത്തനങ്ങളേയും നന്ദിപൂര്‍വം സ്മരിച്ചുകൊണ്ടാണ് വത്തിക്കാനിലെ ലൈബ്രറിയില്‍ നിന്നുള്ള പ്രാര്‍ത്ഥനാ സന്ദേശം അദ്ദേഹം അവസാനിപ്പിച്ചത്.