അച്ഛന് 26 ഭാര്യമാർ; 150 മക്കളും; കൂട്ടു കുടുംബ ജീവിതം വെളിപ്പെടുത്തി മകൻ; വിചിത്രം

150 സഹോദരങ്ങളും 26 അമ്മമാരും. കാനഡയിലെ കൗമാരക്കാരനും രണ്ട് സഹോദരന്മാരുമാണ് തങ്ങളുടെ വീട്ടിലെ അംഗങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. മെർലിൻ ബ്ലാക്മോറെന്ന 19–കാരനാണ് ബഹുഭാര്യാത്വം നിലനിൽക്കുന്ന സംസ്കാരത്തിൽ ജനിച്ച് വളര്‍ന്നതിനെക്കുറിച്ച് വിശദീകരിക്കുന്നത്. 

കാനഡ സ്വദേശി വിൻസ്റ്റൺ ബ്ലാക്മോറാണ് മെർലിന്റെ പിതാവ്. 64–കാരനായ വിൻസ്റ്റണിന് 26 ഭാര്യമാരുണ്ട്. തന്റെ കുടുംബത്തെക്കുറിച്ച് തുറന്ന് പറഞ്ഞതോടെ നിരവധിപ്പേരാണ് ടിക്ടോകിൽ മെർലിനെ പിന്തുടരാൻ തുടങ്ങിയത്. 150 സഹോദരങ്ങളാണ് തനിക്കുള്ളത്. ഇത്ര വലിയ കുടുംബമായതിനാൽ സ്വന്തമായി സ്കൂൾ ഉണ്ടായിരുന്നു. കുട്ടികൾ അവിടെ പോയാണ് പഠിക്കുന്നത്.

പ്രസവിച്ച അമ്മയെ 'മം' എന്നും മറ്റ് അമ്മമാരെ പേര് ചേർത്ത് 'മദർ' എന്നുമാണ് ഓരോ കുട്ടിയും വിളിക്കുക. 27 അമ്മമാരിൽ 22 പേർ കുട്ടികള്‍ ഉണ്ടാകാൻ വേണ്ടിയാണ് വിൻസ്റ്റനൊപ്പം കഴിഞ്ഞത്. ഇതിൽ 16 പേർ മാത്രമാണ് ഇപ്പോഴും വിൻസ്റ്റണിനൊപ്പം കഴിയുന്നത്. എല്ലാ അംഗങ്ങളുടെയും പിറന്നാളുകൾ വലിയ ആഘോഷമായാണ് നടത്തുന്നത്. ഇതിനായി വലിയ ഹാൾ തന്നെ വേണമെന്നും ഇവർ പറയുന്നു.