ട്രംപിനോടുള്ള രോഷം നിറച്ച ആ ഭീമൻ ബലൂൺ ഇനി ലണ്ടൻ മ്യൂസിയത്തിൽ

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് സ്ഥാനമൊഴിഞ്ഞു കൊടുക്കാൻ ഇനി അധിക സമയമില്ല.  വൈറ്റ്ഹൗസിൽ നിന്ന് ട്രംപും കുടുംബവും ഒഴിയുമ്പോഴും ട്രംപിന്റെ മുഖം നിറയുന്ന ഭീമൻ ബലൂണ്‍ എവിടെ സൂക്ഷിക്കേണമെന്നതിൽ ഇപ്പോഴാണ് തീരുമാനമായത്. അങ്ങനെ മ്യൂസിയം ഓഫ് ലണ്ടനിൽ ഇനിയുളള കാലം ഭീമൻ ട്രംപിനെ വയ്ക്കാമെന്ന ധാരണയായി.

ഭീമനാണെങ്കിലും ട്രംപിന്റെ സാദൃശ്യത്തിലുളള ഈ ബലൂണിന് കൊച്ചു കുഞ്ഞിന്റെ മുഖവും രൂപവുമാണ്. ആറ് മീറ്ററാണ് ഭീമന്റെ ഉയരം. 2018ൽ ട്രംപിനോടുളള പ്രതിഷേധ സൂചകമായാണ് ഈ ഭീമന്‍  ബലൂണ്‍ നിർമിക്കുന്നത്. കരയുന്ന മുഖമാണ് ബലൂണിനുളളത്. കയ്യിലൊരു മൊബൈലുമുണ്ട്. രണ്ടായിരങ്ങളിലെ  ഇറാഖ് യുദ്ധം, വിമൻസ് സഫ്രേജ് മൂവ്മെന്റ് പ്രതിഷേധം  എന്നിവയുടെ ചരിത്രപ്രധാനമായ അവശേഷിപ്പുകൾ സൂക്ഷിക്കുന്ന ഇടത്താണ് ഇനി ഭീമന്റെയും സ്ഥാനം.  

ഇത് നിർമിച്ചത് ഒരു കൂട്ടം ചെറുപ്പക്കാരാണ്. ട്രംപിനോടുളള പ്രതിഷേധ സൂചകമായി നിർമിച്ച ഭീമനെ 2018 ജൂലൈ 13ൽ ട്രംപിന്റെ യുകെ സന്ദർശന സമയത്ത് പാർലമെന്റിനു മുന്നിലൂടെ പറത്തിവിട്ടാണ് കൂട്ടം പ്രതിഷേധിച്ചത്. വിദ്വേഷത്തിനെതിരെ സംസാരിക്കുമ്പോൾ ഈ ഭീമനേയും ലണ്ടനിലെ ജനങ്ങൾ ഓർക്കുമെന്ന് ബലൂണ്‍ നിർമിച്ചവർ പറഞ്ഞു.