വനിതാ ഗുപ്ത ഇന്ത്യയുടെ അഭിമാനപുത്രി; ജോ ബൈഡൻ

ഇന്ത്യക്കാർക്കും അമേരിക്കൻ ഇന്ത്യക്കാർക്കും അഭിമാനിക്കാന്‍ ഇതാ മറ്റൊരു കാരണം കൂടി. ഇന്ത്യൻ വംശജയായ വനിതാ ഗുപ്തയാണ് ഇക്കുറി വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത്.

അമേരിക്കയിലെ പേരുകേട്ട പൗരാവകാശ അഭിഭാഷകരിലൊരാളാണ് 46കാരിയായ വനിതാ, സെനറ്റ് അംഗീകരിച്ചാൽ നിയുക്ത അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻറെ അസോസിേയറ്റ് അറ്റോർണി ജനറലും. 

വനിതാ തൻറെ അഭിഭാഷക ജീവിതമാരംഭിക്കുന്നത് നാഷണൽ അസോസിയേഷൻ ഫോർ ദ് അഡ്വാൻസ്മെൻറ് ഓഫ് കളേർഡ് പീപ്പിൾ എന്ന പൗരാവകാശ സംഘടനയിലാണ്. പിന്നീട് അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയനിലേക്കും അവിടെ നിന്ന് ഒബാമ ഭരണകൂടത്തിൻറെ കീഴിലുളള ജസ്റ്റിസ് വിഭാഗത്തിലേക്കും സ്ഥാനക്കയറ്റം. 

രാജ്യത്ത് നിറത്തിൻറെയും വംശീയതയുടെയും പേരിൽ ഒറ്റപ്പെട്ടവർക്കു വേണ്ടി നിയമപരമായി പോരാടുന്ന വനിതാ ദുരുപയോഗം ചെയ്യപ്പെട്ട പൊലീസ് അധികാരത്തിനെതിരെ ഒബാമ–ബൈഡൻ ഭരണകാലത്ത് സമഗ്രമായ അന്വേഷണവും നടത്തി. 

വനിതാ അസോസിയേറ്റ് അറ്റോർണി ജനറലായാൽ രാജ്യത്തെ നിയമ–നീതി സംവിധാനങ്ങൾ കൂടുതൽ കുറ്റമറ്റതും ശക്തവുമാകുമെന്ന് ബൈഡൻ പറഞ്ഞു. ഡെലാവെയറിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്യുമ്പോഴാണ് ബൈഡൻ ഈ സന്തോഷവാർത്ത പങ്കുവെച്ചത്.  

അമേരിക്കൻ ജസ്റ്റിസ് വിഭാഗത്തിലെ തൻറെ സാന്നിധ്യം ഇന്ത്യൻ കുടിയേറ്റക്കാർക്ക് അഭിമാനമാകുമെന്ന് വനിതാ ഗുപ്ത പ്രതികരിച്ചു.