പോകുന്ന പോക്കിൽ ചൈനയെ വളഞ്ഞിട്ട് ട്രംപ്; ജനപ്രിയ ആപ്പുകൾക്ക് ‘ആപ്പ്’

തന്റെ ഭരണം തീരാൻ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ചൈനീസ് കമ്പനികളെ വളഞ്ഞിട്ട് ആക്രമിക്കാൻ തന്നെയാണ് ഡൊണാൾഡ് ട്രംപിന്റെ നീക്കം. കഴിഞ്ഞ ദിവസം അലിപെയ്, വിചാറ്റ് പേ ഉൾപ്പെടെയുള്ള ചൈനീസ് ആപ്ലിക്കേഷനുകൾ, ചൈന ആസ്ഥാനമായുള്ള കമ്പനികളുടെ ഉടമസ്ഥതയിലുള്ള മറ്റ് ആപ്ലിക്കേഷനുകൾ എന്നിവ നിരോധിക്കാനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പിട്ടു. ജാക്ക് മായുടെ ഉടമസ്ഥതയിലുള്ള ആന്റ് ഗ്രൂപ്പിന്റെ അലിപെയ്, ടെൻസെന്റിന്റെ ക്യുക്യു, വിചാറ്റ് പേ, ക്യാംസ്കാനർ എന്നിവയും ഇതിൽ ഉൾപ്പെടും. എക്സിക്യൂട്ടീവ് ഉത്തരവ് 45 ദിവസത്തിനുള്ളിൽ പ്രാബല്യത്തിൽ വരും. അമേരിക്കയുടെ പുതിയ പ്രസിഡന്റായി ജോ ബൈഡൻ അധികാരമേറ്റ് ആഴ്ചകൾക്കുള്ളിൽ ഇത് പ്രാബല്യത്തിൽ വരും എന്നതാണ് ശ്രദ്ധേയം.

ചൈനീസ് ആപ്ലിക്കേഷനുകൾക്കെതിരെ നിരോധനം ഏർപ്പെടുത്താൻ ട്രംപ് സർക്കാരിൽ നിന്ന് വലിയ നീക്കം നടന്നിട്ടുണ്ട്. എക്സിക്യൂട്ടീവ് ഉത്തരവിൽ ഇന്ത്യയുടെ മാതൃക പോലും ട്രംപ് ഉദ്ധരിച്ചു. രാജ്യത്തൊട്ടാകെയുള്ള 200 ലധികം ചൈനീസ് ബന്ധമുള്ള ആപ്ലിക്കേഷനുകൾ ഇന്ത്യ നിരോധിച്ചിരിക്കുന്നു എന്നും ഉത്തരവിൽ സൂചിപ്പിക്കുന്നുണ്ട്. ചൈനീസ് ആപ്ലിക്കേഷനുകൾ ഡേറ്റ മോഷ്ടിക്കുകയും രഹസ്യമായി, അനധികൃതമായി സെർവറുകളിലേക്ക് കൈമാറുകയും ചെയ്യുന്നുവെന്ന് ഇന്ത്യൻ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം വ്യക്തമാക്കിയിരുന്നു. 

അമേരിക്കയിൽ നിരോധിക്കാൻ ആഗ്രഹിക്കുന്ന ചില ആപ്ലിക്കേഷനുകൾ ഇതിനകം ഇന്ത്യയിൽ നിരോധിച്ചിരിക്കുന്നു. ആപ്ലിക്കേഷനുകളിൽ കാംസ്‌കാനർ, ക്യുക്യു വാലറ്റ്, ഷെയർഇറ്റ്, ടെൻസെന്റ് ക്യുക്യു, വിമേറ്റ്, വിചാറ്റ് പേ, ഡബ്ല്യുപിഎസ് ഓഫിസ് എന്നിവയും ഉൾപ്പെടുന്നു എന്നും റിപ്പോർട്ടിലുണ്ട്.

ഓഗസ്റ്റിൽ ബൈറ്റ് ഡാൻസിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക്കിനെതിരെ ട്രംപ് തന്റെ ആദ്യ എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെച്ചിരുന്നു. ഏതെങ്കിലും ഒരു അമേരിക്കൻ കമ്പനിക്ക് ടിക് ടോക്ക് വിൽക്കാൻ അദ്ദേഹം കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു. ഇത് പരാജയപ്പെട്ടാൽ ടിക് ടോക് അമേരിക്കയിൽ നിരോധിക്കുകയും തടയുകയും ചെയ്യും എന്നായിരുന്നു ട്രംപ് പറഞ്ഞിരുന്നത്. എന്നാൽ, ഡിസംബറിൽ ഫെഡറൽ കോടതി ജഡ്ജി പ്രാഥമിക നിർദേശം നൽകി യുഎസിലെ ടിക് ടോക്ക് നിരോധനം തടയാൻ ശ്രമിച്ചിരുന്നു.