മാസ്ക് മാറ്റി; മെട്രോയ്ക്കുള്ളിൽ കൂട്ട ചുംബനം; പിന്നാലെ അപ്രത്യക്ഷരായി; പ്രതിഷേധം

കൊറോണയുടെ ജനിതക മാറ്റം വന്ന പുതിയ വൈറസിനെ കണ്ടെത്തിയതോടെ ലോകരാജ്യങ്ങളെല്ലാം ജാഗ്രതയിലാണെങ്കിലും റഷ്യയില്‍ സര്‍ക്കാര്‍ അടിച്ചേല്‍പിക്കുന്ന നിയന്ത്രണങ്ങള്‍ക്കെതിരെ അപൂര്‍വമായ സമരവും സജീവമാവുകയാണ്. റഷ്യന്‍ നഗരമായ യക്കേറ്ററിന്‍ബര്‍ഗ് എന്ന സ്ഥലത്താണു കഴിഞ്ഞ ദിവസം വിചിത്രമായ സമരം നടന്നത്. ആളുകള്‍ തിങ്ങിനിറഞ്ഞ മെട്രോ ട്രെയിനിന്റെ കംപാര്‍ട്മെന്റ് ആയിരുന്നു സമരവേദി. വിനോദ വ്യവസായത്തെയും ടൂറിസത്തെയും നിയന്ത്രണങ്ങള്‍ ബാധിക്കുന്നു എന്നാരോപിച്ചായിരുന്നു സമരം. 

30 ദമ്പതിമാരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. ട്രെയിനിലെ ആള്‍ക്കൂട്ടത്തിനു നടക്കുവച്ച് മുന്നറിയിപ്പൊന്നും കൂടാതെ അവര്‍ മാസ്ക് എടുത്തുമാറ്റി ചുംബിച്ചാണ് പ്രത്യേകതയുള്ള പ്രതിഷേധ സമരത്തില്‍ പങ്കാളികളായത്. അവര്‍ പരസ്പരം കെട്ടിപ്പുണരുകയും ചെയ്തു. ട്രെയിനിലുണ്ടായിരുന്നവര്‍ റെക്കോര്‍ഡ് ചെയ്ത വിഡിയോയിലൂടെ ലോകമെങ്ങും വിചിത്രമായ സമരം തത്സമയം തന്നെ കണ്ടു. 

പിങ്ക് ഗ്ലാസ്സസ് എന്ന ബാന്‍ഡിന്റെ നേതൃത്വത്തില്‍ ലെറ്റസ് കിസ്സ് എന്ന പാട്ടും പാടി. തൊട്ടടുത്ത സ്റ്റേഷനില്‍ എത്തിയപ്പോഴേക്കും എല്ലാവരും മാസ്ക് വീണ്ടും അണിഞ്ഞ് പ്ലാറ്റ്ഫോമിലൂടെ ആള്‍ക്കൂട്ടത്തില്‍ അപ്രത്യക്ഷരാകുകയും ചെയ്തു. ട്രെയിന്‍ സര്‍വീസ് തടസ്സപ്പെടുത്താനോ ആരെയെങ്കിലും മുറിവേല്‍പിക്കാനോ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും സമരക്കാര്‍ അറിയിച്ചു. 

പൊതുപരിപാടികള്‍ റദ്ദാക്കപ്പെടുകയും മദ്യശാലകള്‍ 11 ന് അടയ്ക്കുകയും ചെയ്യുന്നതുള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ക്കെതിരെയായിരുന്നു വ്യാപക സമരം. പൊതുപരിപാടികള്‍ റദ്ദാക്കുന്ന സര്‍ക്കാര്‍ തന്നെ പൊതുഗതാഗതം ഉപയോഗിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നു എന്ന വൈരുധ്യമുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. നൃത്തപരിപാടികള്‍ ഉള്‍പ്പെടെ റദ്ദാക്കിയതോടെ ആയിരക്കണക്കിനു കലാകാരന്‍മാര്‍ ദുരിതത്തിലാണെന്നും സമരക്കാര്‍ പറയുന്നു.