വിവാഹം ആലോചിക്കുന്നു; എല്ലാം അറിയിച്ചിട്ടേ ആഘോഷിക്കൂ: ജസിന്‍ഡ ആര്‍ഡേന്‍

വിവാഹത്തിന്‍റെ തയ്യാറെടുപ്പുകള്‍ മാധ്യമപ്രവര്‍ത്തകരോട് പങ്കുവച്ച് ന്യൂസീലന്‍ഡ് പ്രധാനമന്ത്രി  ജസിന്‍ഡ ആര്‍ഡേന്‍. കല്ല്യാണത്തിനായുള്ള പ്ലാനുകളുണ്ട്, എന്നാല്‍ തിയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്ന് ജസിന്ത പറഞ്ഞു. കൂടുതല്‍ വിപുലമായി വിവാഹാഘോഷത്തെ കുറിച്ച് ചിന്തിക്കുന്നതിന് മുന്‍പ് അടുത്ത കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും വിവരം പങ്കുവയ്ക്കും. 

ന്യു പ്ലയ്മൗത്തില്‍ റിപ്പോര്‍ട്ടറുടെ ചോദ്യത്തിന്‍റെ പ്രതികരണമായാണ് ജസിന്‍ഡ ആര്‍ഡേന്‍ വിവാഹത്തെ കുറിച്ച് അറിയിച്ചത്. നാല്‍പ്പത് വയസുകാരിയായ ജസിന്‍ഡ ആര്‍ഡേന്‍ നാല്‍പ്പത്തിനാലുകാരനായ ടെലിവിഷന്‍ അവതാരകന്‍ ക്ലാര്‍ക്ക് ഗയ്ഫോര്‍ഡുമായുള്ള വിവാഹത്തെ കുറിച്ചുള്ള വിവരമാണ് പങ്കുവച്ചത്. ഇരുവര്‍ക്കും രണ്ട് വയസുള്ള മകളുണ്ട്.

കഴിഞ്ഞ മാസമായിരുന്നു ജസിന്‍ഡ ആര്‍ഡേന്‍ ന്യൂസിലന്‍റ് പ്രധാനമന്ത്രിയായി രണ്ടാം തവണയും അധികാരത്തില്‍ എത്തിയത്. രാജ്യത്തെ കോവിഡ് പ്രതിരോധിക്കാനെടുത്ത നയങ്ങളില്‍ വിജയിച്ച  ജസിന്തയ്ക്ക് വന്‍ ഭൂരിപക്ഷമാണ് തിരഞ്ഞെടുപ്പില്‍ ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ന്യൂസീലന്‍ഡില്‍ മുസ്‌‌ലിം പള്ളിയ്ക്കു നേരെ ആക്രമണമുണ്ടായതിന് ശേഷം സമാധാനം പുനസ്ഥാപിക്കാന്‍ ജസിന്‍ഡ ആര്‍ഡേന്‍ സ്വീകരിച്ച നടപടികളും വന്‍ ജനസമ്മിതി നേടിയിരുന്നു.