വീൽചെയർ തടസമായില്ല; ഇച്ഛാശക്തി കൊണ്ട് ഒളിംപസ് കീഴടക്കി എലഫ്തീരിയ

ശാരീരിക വെല്ലുവിളികളെ ഇച്ഛാശക്തിക്കൊണ്ട് മറികടന്ന് ഗ്രീസിലെ മൗണ്ട് ഒളിംപസ് കീഴടക്കിയ 22കാരി എലഫ്തീരിയയെ കാണാം. സുഹൃത്തും മാരത്തണ്‍ ഓട്ടക്കരനായ മാരിയോസിന്റെ ചുമലിലേറിയാണ് അവള്‍ സ്വപ്നനേട്ടം കൈവരിച്ചത്.

 കൊടുമുടിയുടെ നെറുകില്‍ കയറിനിന്നുകൊണ്ട് എലഫ്തീരിയ പറയുകയാണ് ഈ നേട്ടം ആരുടെ മുന്നിലും ഒന്നും തെളിയിക്കാനല്ല. അനുഭവങ്ങളുടെ സന്തോഷത്തില്‍ ജീവിക്കാനാണ്. ഒാര്‍മവെച്ച നാള്‍ മുതല്‍ വീല്‍ചെയറിലായിരുന്നു അവള്‍. സമ്മതമില്ലാതെ കടന്നു വന്ന രോഗത്തിന് ജീവശാസ്ത്ര വിദ്യാര്‍ത്ഥിനിയായ എലഫ്തീരിയയുടെ ശരീരത്തെ മാത്രമെ തളര്‍ത്താനായുള്ളൂ. 

ഒളിംപസിനോളം ഉയരത്തില്‍ അവള്‍ കൊണ്ടുനടന്ന ആശയായിരുന്നു ആ പര്‍വ്വതമുകളില്‍ ഒന്നു കയറുക എന്നത്. പലനാള്‍ കൊണ്ടുനടന്ന ആ സ്വപ്നം അവളൊരിക്കല്‍ സുഹൃത്ത് മാരിയോസിനോട് പറഞ്ഞിടത്താണ് അവളെ ഒളിംപസിന് മുകളിലെത്തിക്കാന്‍, ആ പര്‍വ്വതത്തെ ഉള്ളംകൈപോലെ പരിചിതനായ മാരിയോസ് കൂട്ടുവന്നത്. എലഫ്തീരിയയെ ചുമലിലേറ്റി  ഒളിംപസിന്റെ ഏറ്റവും ഉയമുള്ള 2917 അടി ഉയരത്തിലുള്ള മിറ്റിക്കാസ് കീഴടക്കിയപ്പോള്‍ അവളുടെ മുന്നില്‍ മാരിയോസ് സ്യൂസ് ദേവനു തുല്യമായിരുന്നു. അത്രകണ്ട് എളുപ്പമായിരുന്നില്ല പക്ഷെ ആ ഉദ്യമം. യാത്രക്കിടെ കനത്ത കാറ്റും മഴയും കൂറ്റന്‍ പറക്കെടുകളിലെ വഴുക്കലും ഒന്നും അവരെ പിന്‍തിരിപ്പിച്ചില്ല. ഒളിംപസിന്റെ നെറുകയില്‍ നിന്നുകൊണ്ട് അവര്‍ ലോകത്തോട് പറഞ്ഞു മനസിനെ ബലപ്പെടുത്തി സ്വപ്നം കാണുക വീല്‍ ചെയറിനും കഴിയും കൊടുമുടി കീഴടക്കാന്‍.