കൊടുങ്കാറ്റ് തകർത്തു; മുഖം മാറ്റാൻ കിം; 25,000 വീടുകൾ ഒരുക്കും; ‘കരുതലിന്റെ കിമ്മോ?’

പൊതുജനങ്ങളോട് മാപ്പു പറഞ്ഞതിന് പിന്നാലെ കയ്യടി വാങ്ങുന്ന നിലപാടുകൾ സ്വീകരിച്ച്  ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. പ്രതിസന്ധി സമയത്ത് ജനത്തിനൊപ്പം പൂർണതോതിൽ നിൽക്കാൻ കഴിഞ്ഞില്ലെന്ന് അദ്ദേഹം കണ്ണീരോടെ സമ്മതിച്ചിരുന്നു. ടൈഫൂൺ കൊടുകാറ്റ് നാശം വിതച്ച ജനതയ്ക്ക് പുത്തൻ വീടുകളാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. പണി പൂർത്തിയായ സ്ഥലങ്ങളിൽ അദ്ദേഹം എത്തുന്ന വിഡിയോകളും പുറത്തുവന്നു.

2300 വീടുകളുടെ നിർമാണം ഇതിനോടകം പൂർത്തിയായതായും 25,000 വീടുകളുടെ നിർമാണം അടുത്ത അ‍ഞ്ചുവർഷം കൊണ്ട് പൂർത്തിയാക്കി ജനങ്ങൾക്ക് നൽകുമെന്നാണ് പ്രഖ്യാപനം. സൈന്യത്തിന്റെ നേതൃത്വത്തിലാണ് നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ഉത്തര കൊറിയയുടെ സൈനിക പരേഡിൽ കണ്ണീരോടെ കിം മാപ്പുപറയുന്ന ദൃശ്യങ്ങൾ ലോകശ്രദ്ധ നേടിയിരുന്നു. ക്രൂരതയുടെ മുഖമെന്ന് ലോകം വാഴ്ത്തുന്ന തന്റെ ഇമേജ് മാറ്റാനുളള ശ്രമമാണിതെന്നും ആക്ഷേപങ്ങളുണ്ട്. എന്നാൽ പണി തീർന്ന വീടുകൾ കിം സന്ദർശിക്കുന്ന വിഡിയോ പുറത്തുവന്നിട്ടുണ്ട്. വിഡിയോ കാണാം.

‘നമ്മുടെ ജനങ്ങൾ ആകാശത്തോളം ഉയരത്തിലും സമുദ്രത്തോളം താഴ്ചയിലും എന്നിൽ വിശ്വാസം പുലർത്തിയിരുന്നു. പക്ഷേ എനിക്ക് അവരുടെ പ്രതീക്ഷയ്ക്കൊത്ത് പ്രവർത്തിക്കാൻ കഴിഞ്ഞില്ല. ഞാൻ അതിൽ നിര്‍വ്യാജം ഖേദിക്കുന്നു..’ കോവിഡ് മഹാമാരിക്കാലത്ത് ജനങ്ങൾക്കൊപ്പം നിൽക്കാൻ കഴിയാത്തതിൽ ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ കണ്ണുതുടച്ച് ദിവസങ്ങൾക്ക് മുൻപ് പറഞ്ഞ വാക്കുകളിങ്ങനെയാണ്.