ചൈനീസ് പോർവിമാനം വയലിൽ തകർന്നുവീണു; ദുരൂഹത; പക്ഷി ഇടിച്ചെന്ന് വാദം

ചൈനീസ് പോർവിമാനം വയലിൽ തകർന്നുവീണതായി റിപ്പോർട്ട്. എന്നാൽ എന്താണ് സംഭവിച്ചതെന്നോ, എവിടെയാണ് പോർവിമാനം വീണതെന്നോ ചൈനീസ് വ്യോമസേന വ്യക്തമാക്കിയിട്ടില്ല. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പ്രതിരോധ മേഖലയിലെ വിദഗ്ധർ പറയുന്നത്. ടേക്ക് ഓഫിനിടെ പക്ഷിയിടിച്ചാണ് വിമാനം തകർന്നതെന്നാണ് മാധ്യമങ്ങളിൽ വന്നിരിക്കുന്ന റിപ്പോർട്ട്.

ഹിമാലയന്‍ പ്രദേശങ്ങളിലും ദക്ഷിണ ചൈനാ കടലിലും വ്യോമാഭ്യാസം തുടരുന്ന ചൈനീസ് സേനയുടെ പോർവിമാനത്തിന് സംഭവിച്ചതെന്തെന്ന് വ്യക്തമല്ല. യുദ്ധവിമാനം തകർന്ന സ്ഥലത്തിന്റെ കൃത്യമായ സ്ഥാനം പറയാതെയാണ് ചൈനീസ് സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

ഒക്ടോബർ 5ന് പൈലറ്റ് വാങ് ജിയാൻ‌ഡോങിന്റെ പോർവിമാനം ടേക്ക് ഓഫ് ചെയ്തയുടനെ പക്ഷി ഇടിച്ചതിനെ തുടർന്ന് തകർന്നതായാണ് പീപ്പിൾസ് ലിബറേഷൻ ആർമി ഡെയ്‌ലി റിപ്പോർട്ട് ചെയ്തത്. എൻജിന്റെ ഇൻ-ഫ്ലൈറ്റ് ഷട്ട്ഡൗൺ മുന്നറിയിപ്പ് തൽക്ഷണം പ്രകാശിക്കാൻ തുടങ്ങി, പിന്നാലെ ഡിസ്പ്ലേ സ്ക്രീനിൽ ഒന്നും കാണാതായെന്നുമാണ് ചൈനീസ് മാധ്യമങ്ങളെ ഉദ്ധരിച്ചു തായ്‌വാൻ ന്യൂസ് റിപ്പോർട്ട് ചെയ്തത്.

അഞ്ച് സെക്കൻഡിനുശേഷം, അടിയന്തര ബാക്കപ്പ് പവർ ഉപയോഗിച്ച് കോക്ക്പിറ്റ് ഡിസ്പ്ലേ സ്ക്രീൻ പുനഃസ്ഥാപിച്ചു. വേഗം കൂട്ടി മുന്നോട്ടു കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും യാതൊരു പ്രതികരണവും ലഭിച്ചില്ല. കാരണം എൻജിന്റെ പ്രവർത്തനം ഏകദേശം നിലച്ചിരുന്നു. ഈ സമയത്ത് നിലത്തുനിന്ന് 272.7 മീറ്റർ മാത്രം ഉയരത്തിലായിരുന്നു പോർവിമാനം. ഇതിനാൽ തന്നെ താവളത്തിലേക്ക് മടങ്ങാൻ സമയമില്ലെന്നും വിമാനം തകർന്നുവീഴുകയാണെന്നും വാങ് തിരിച്ചറിഞ്ഞു. 

ചൈനീസ് മാധ്യമ റിപ്പോർട്ട് അനുസരിച്ച്, 37 സെക്കൻഡിനുള്ളിൽ വിങ് മൂന്ന് പ്രാവശ്യം ജനവാസമേഖലയിൽ നിന്ന് വിമാനം തിരിച്ചുവിട്ടുവെന്നാണ്. പിന്നീട് ഒരു നെൽവയൽ ലക്ഷ്യമിട്ട് 75.9 മീറ്റർ ഉയരത്തിൽ നിന്ന് പാരച്യൂട്ട് വഴി പൈലറ്റ് താഴെ ഇറങ്ങുകയായിരുന്നു. വിമാനം വയലിൽ തകർന്നു വീണു. എന്നാൽ, അപകടത്തിൽപെട്ടത് ഏത് തരത്തിലുള്ള ജെറ്റാണ് എന്ന് ചൈന വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, ചൈനീസ് മാധ്യമങ്ങളുടെ റിപ്പോർട്ടിനൊപ്പം പങ്കിട്ട സ്റ്റോക്ക് ഇമേജിൽ ചെംഗ്ഡു ജെ -10 ആണ് കാണുന്നത്.