കൈമുട്ടിൽ കടി‌ച്ചുപിടിച്ച് സ്രാവിൻകുഞ്ഞ്; കരയിലും പിടിവിട്ടില്ല: ചിത്രങ്ങൾ

ഫ്ലോറിഡയിലെ ജെൻസൺ ബീച്ചിൽ കടൽവെള്ളത്തിൽ കുളിക്കാനിറങ്ങിയ ഒരു യുവാവിന്റെ കയ്യിൽ കടിച്ചത് ഒരു കുട്ടി സ്രാവ്. അതിനെ പേടികൂടാതെ ചേർത്തു പിടിച്ചിരിക്കുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

കൈയിൽ സ്രാവ് കടിച്ചു എന്നു മനസ്സിലായ ഉടൻ തന്നെ അതിനെ കുടഞ്ഞെറിയാനോ ഉപദ്രവിക്കാനോ ശ്രമിക്കാതെ കടിച്ചുപിടിച്ച അവസ്ഥയിൽ അദ്ദേഹം കരയിലേക്ക് കയറുകയായിരുന്നു. കൊച്ചുകുട്ടികളെ ചേർത്ത് പിടിക്കും പോലെ തന്റെ കയ്യിൽ കടിച്ച സ്രാവിനെയും ചേർത്തുപിടിച്ചാണ് യുവാവ് കരയിലേക്കെത്തിയത്. എന്നാൽ അതിനുശേഷവും സ്രാവ് കടി വിടാൻ കൂട്ടാക്കിയിരുന്നില്ല. കാഴ്ചക്കാരെല്ലാം കൗതുകത്തോടെയാണ് ഇത് നോക്കി നിന്നത്. 

കൈ മുട്ടിനു താഴെ ഭാഗത്തായാണ് കടിയേറ്റത്. സ്രാവിന്  നിലത്തു വീണ് അപകടം പറ്റാതിരിക്കാൻ അതേ കൈകൊണ്ട് തന്നെ താങ്ങിപ്പിടിച്ചായിരുന്നു യുവാവിന്റെ നിൽപ്പ്. മാർട്ടിൻ കൗണ്ടി ഓഷ്യൻ റെസ്ക്യൂ ടീം സ്ഥലത്തെത്തും വരെ ഇതേ നിലയിൽ തുടരുകയായിരുന്നു. ഒടുവിൽ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം അപകടം കൂടാതെ സ്രാവിനെ നീക്കം ചെയ്തു.