അപകടമറിയാതെ കടലിൽ ഉല്ലാസം; വായിലാക്കാൻ എത്തി സ്രാവ്; അദ്ഭുതരക്ഷ; വിഡിയോ

ഉല്ലാസത്തിനിടെ പാഞ്ഞടുത്ത അപകടത്തിൽ നിന്നും തലനാരിഴയ്ക്കാണ് ഇയാൾ രക്ഷപ്പെട്ടത്. കടലിൽ സർഫിങ്ങിനിറങ്ങിയ സഞ്ചാരിയെ വായിലാക്കാൻ എത്തിയത് ഭീമൻ സ്രാവ്. എന്നാൽ കൃത്യമായി ലഭിച്ച ഡ്രോൺ  നിർദേശമാണ് ഇയാളുടെ ജീവൻ രക്ഷിച്ചത്. ഓ‌സ്ട്രേ‌ലി‌യ‌യി‌ലെ ന്യൂ ‌സൗ‌ത്ത് വേ‌ൽ‌സി‌ലാ‌ണ് നടുക്കുന്ന സം‌ഭ‌വം.

തന്റെ സമീപത്തേക്കെത്തിയ സ്രാവിനെക്കുറിച്ചറിയാതെ സർഫിങ് നടത്തിയ യുവാവിന് സ്രാവ് അരികിലുണ്ടെന്ന മുന്നറിയിപ്പ് നൽകിയത് ക്രിസ്റ്റഫർ ജോയ്സ് എന്ന ഡ്രോൺ നിരീക്ഷകനാണ്. സ്രാവിന്റെ ദൃശ്യങ്ങൾ പകർത്തുന്നതിനിടയിലാണ് സർഫിങ്ങ് നടത്തുന്ന ആളുടെ നേർക്ക് ഷാർക്ക് നീങ്ങുന്നത് ശ്രദ്ധയിൽ പെട്ടത്.

ഉടൻതന്നെ ഡ്രോണിന്റെ സ്പീക്കർ വഴി ഇയാൾക്ക് മുന്നറിയിപ്പു നൽകി. മുന്നറിയിപ്പ് കേട്ട സർഫർ അപ്പോൾ തന്നെ തീരം ലക്ഷ്യമാക്കി നീങ്ങി. സർഫറെ ലക്ഷ്യമാക്കി വന്ന സ്രാവ് ആഴക്കടലിലേക്കും മടങ്ങി. എന്തായാലും കൃത്യ സമയത്ത് ഡ്രോണിന്റെ സ്പീക്കറിലൂടെ നിർദേശം നൽകാനായതാണ് സർഫറുടെ ജീവൻ രക്ഷിച്ചത്.