10 വർഷം ചൈനയിലെ അക്വേറിയത്തിൽ; ഇന്ന് ആകാശമാർഗം ഐസ്​ലൻഡിൽ; അക്കഥ

ഒരു പതിറ്റാണ്ടോളം ചൈനയിലെ അക്വേറിയത്തിൽ തടവിൽ കഴിഞ്ഞ ലിറ്റിൽ ഗ്രേ, ലിറ്റിൽ വൈറ്റ് എന്നീ ബലൂഗ തിമിംഗലങ്ങൾക്ക് ഇനി സ്വന്തം ആവാസസ്യവസ്ഥയിൽ ജീവിക്കാം. ആകാശമാർഗം 9700 ഓളം കിലോമീറ്ററുകൾ കടന്ന് ഐസ്‌ലൻഡിലെത്തിച്ച ഇവയെ കഴിഞ്ഞ ദിവസം സ്വതന്ത്രരാക്കിയത്.10റഷ്യയിലെ തിമിംഗല ഗവേഷണ കേന്ദ്രത്തിൽ നിന്ന്  2011ലാണ് ചൈനയിലെ അക്വേറിയത്തിലേക്ക് തിമിംഗലങ്ങളെ പ്രദർശനത്തിനായെത്തിച്ചത്.

രണ്ടു വയസ്സായിരുന്നു അന്ന് അവയുടെ പ്രായം. അന്നുമുതൽ ഇടുങ്ങിയ കൂടിനുള്ളിൽ കഴിയുകയായിരുന്നു രണ്ട് തിമിംഗലങ്ങളും. ഐസ്‌ലൻസിലെ ക്ലെറ്റ്സ്വിക് തീരത്തോടു ചേർന്നാണ് ഇവയ്ക്ക് സ്വാഭാവികമായ വാസസ്ഥലം ഒരുക്കിയിരിക്കുന്നത്. ഒരു വർഷം മുൻപാണ്  ഇവയെ മാറ്റാൻ തീരുമാനമായത്. ആയിരക്കണക്കിന് കിലോമീറ്ററുകൾ സഞ്ചരിക്കുന്നതിനായി ഒരു വർഷം മുൻപ് തന്നെ ഇവയ്ക്ക് പ്രത്യേക പരിശീലനം നൽകിത്തുടങ്ങിയിരുന്നു.

വാഹനങ്ങളിലേക്ക് മാറ്റുന്ന സമയത്ത് തിമിംഗലങ്ങളുടെ ശരീരത്തിന് പരുക്കുകൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകമായി നിർമിച്ച ഷീറ്റിൽ ഉയർത്തിയെടുത്താണ് അക്വേറിയത്തിൽ നിന്നും ലോറിയിലേക്കും അവിടെനിന്നും കാർഗോ എയർക്രാഫ്റ്റിലേക്കും  ഒടുവിൽ ഐസ്‌ലൻഡിലെ ഹാർബർ ബോട്ടിലേക്കുമെത്തിച്ചത്. ലിറ്റിൽ ഗ്രേയ്ക്കും ലിറ്റിൽ വൈറ്റിനും ഒരു ടണ്ണിലധികം ഭാരമുണ്ട്. അതിനാൽ ഇവയെ കയറ്റിഅയക്കുന്നതിനായി പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു.

ഐസ്‌ലൻഡിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടുന്നതിനുവേണ്ടി  പ്രത്യേക മേഖലയിൽ പാർപ്പിച്ച് നിരീക്ഷിച്ചതിനു ശേഷമാണ് രണ്ട് തിമിംഗലങ്ങളെയും സ്വതന്ത്രരാക്കിയത്. രണ്ടു തിമിംഗലങ്ങൾക്കുമായി പ്രതിദിനം 50 കിലോഗ്രാം ചെറു മത്സ്യങ്ങളാണ് ഭക്ഷണമായി വേണ്ടത്.