തൊഴിലുറപ്പും പരിസ്ഥിതി സംരക്ഷണവും; ദുരിതക്കാലത്തെ പാക്കിസ്ഥാൻ മാത്യക

ലോക്ക് ഡൗണിന്റെ ഭാഗമായി ഫാക്ടറികളും മറ്റ് തൊഴിലി‍ടങ്ങളും അടച്ചതോടെ രൂക്ഷമായ തൊഴിലില്ലായ്മയനുഭവിച്ചിരുന്ന പാകിസ്ഥാന്‍കാര്‍ക്ക് സര്‍ക്കാരിന്റെ  സഹായപദ്ധതി. 2018ല്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിച്ച ആയിരം കോടി വൃക്ഷതൈ നടല്‍ പദ്ധതിയില്‍ പങ്കാളികളാകാന്‍ അവസരം നല്‍കി. ഇത് വഴി അറുപതിനായിരത്തിലധികം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിച്ചു എന്നാണ് സര്‍ക്കാര്‍ കണക്ക്.

തോക്കുകളുടെയും തീവ്രവാദത്തിന്റെയും വാര്‍ത്തകള്‍ പൊതുവെ ഉയര്‍ന്നു കേള്‍ക്കാറുള്ള പാകിസ്ഥാനില്‍ നിന്നും ഹരിതാഭമായ ഒരു റിപ്പോര്‍ട്ടാണിത്. പാകിസ്ഥാനെ പിടികൂടിയിരുന്ന 2 രൂക്ഷപ്രശ്നങ്ങള്‍ക്കാണ് ഒറ്റയടിക്ക് സര്‍ക്കാര്‍ പരിഹാരം കണ്ടത്. മാര്‍ച്ച് 23നാണ് കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പാകിസ്ഥാനില്‍ കര്‍ശന ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നത്. അന്ന് അടച്ചിടേണ്ടിവന്ന തൊഴിലിടങ്ങള്‍ പലതും പിന്നീട് തുറക്കാനായില്ല. ഫലം തൊഴില്‍ രഹിതരുടെ എണ്ണം കുത്തനെ കൂടി. കാടും മരങ്ങളും നന്നേ കുറവായതിനാല്‍ പരിസ്ഥിതി മലിനീകരണത്താല്‍ വീര്‍പ്പുമു‍ട്ടുകയായിരുന്നു രാജ്യം. 

പരിസ്ഥിതി സംരക്ഷണത്തിനായി രൂപകല്‍പന ചെയ്ത ആയിരം കോടി വൃക്ഷതൈ നടല്‍ പദ്ധതി പുനരാരംഭിച്ചതോടെയാണ്  നാടിനെ വീര്‍പ്പുമുട്ടിച്ച 2 പ്രശ്നങ്ങളും ഒരു പരിധി വരെ പരിഹരിക്കപ്പെട്ടത്. മരം നടീല്‍ പദ്ധതി ജനകീയമാക്കിയപ്പോള്‍ നിരവധിപേരാണ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തത്. ഇവരെയെല്ലാം കാടിന്റെ തൊഴിലാളികള്‍ എന്നൊരു പ്രത്യേക വകുപ്പുണ്ടാക്കി അതിലുള്‍പ്പെടുത്തി. ദിവസേന എല്ലാവരും നിശ്ചിത ഇടങ്ങളിലെത്തി സര്‍ക്കാര്‍ നല്‍കുന്ന തൈകള്‍ നടും.

കൂലിയായി ഒരാള്‍ക്ക് ദിനംപ്രതി 500 രൂപ മുതല്‍ 800 രൂപ വരെ സര്‍ക്കാര്‍ നല്‍കും. കോവിഡിന് മുന്‍പുണ്ടായിരുന്ന അത്ര ശമ്പളം കിട്ടില്ല എങ്കിലും ഈ ദുരിതക്കാലം കടക്കാന്‍ നിരവധി സാധാരണക്കാര്‍ക്ക് സര്‍ക്കാരിന്റെ പദ്ധതി സഹായകമായി.  Pakistan Institute of Developmental Economicsന്റെ കണ്ടെത്തലില്‍ 19 ദശലക്ഷമാളുകള്‍ പാകിസ്ഥാനില്‍ തൊഴില്‍ രഹിതരായുണ്ട് എന്നാണ്. രൂക്ഷമായ കാലാവസ്ഥാ മലിനീകരണം തടയാന്‍ കോടിക്കണക്കിന് മരങ്ങള്‍ സഹായകമാവുന്നതോടൊപ്പം നാരവധി മനുഷ്യര്‍ക്ക് പട്ടിണിയില്‍ നിന്ന് മോചനവും നേടാം എന്നതാണ് ഇമ്രാന്‍ ഖാന്‍ കൊണ്ടുവന്ന ബില്ല്യൺ ട്രീ സുനാമി പദ്ധതിയുടെ പ്രത്യേകത.