രാജ്യാന്തര സമ്മേളനം ഓൺലൈനിൽ; മന്ത്രിക്കരികിൽ ഓടിയെത്തി മകൻ; ചിരി

കോവിഡ് കാലത്ത് ഏറെ പ്രചാരം നേടിയ വിർച്വൽ സമ്മേളനങ്ങൾ പലപ്പോഴും ചിരിക്കുള്ള വകയും ലോകത്തിന് നൽകാറുണ്ട്. യെമന് സാമ്പത്തിക സഹായം നൽകുന്നതുമായി ബന്ധപ്പെട്ട് യുഎൻ സെക്രട്ടറി ജനറൽ ഉൾപ്പടെ പങ്കെടുത്ത സമ്മേളനത്തിലാണ് രസമുള്ള കാഴ്ചയുണ്ടായത്. 

യുഎഇ രാജ്യാന്തര സഹകരണ സഹമന്ത്രി റീം അൽ ഹാഷിമി സംസാരിക്കുന്നതിനിടെ  മകൻ ലാപ്ടോപിന് മുന്നിലേക്ക് ഓടിയെത്തി. മെല്ലെ അമ്മയുടെ തോളിലേക്ക് തല ചായ്ക്കാൻ തുടങ്ങി. സ്ക്രീനിലുള്ളവരെ നോക്കി.  പെട്ടെന്ന് മകനോട് അപ്പുറത്തേക്ക് പോകൂവെന്ന് മെല്ലെ പറഞ്ഞു. രംഗം കണ്ട യുഎൻ സെക്രട്ടറി ജനറൽ അന്റോണിയ ഗുട്രസ് പൊട്ടിച്ചിരിച്ചു. മറ്റുള്ളവർക്കും ചിരിയടക്കാനായില്ല. റീം തന്നെ ചിരിച്ചു കൊണ്ട് ക്ഷമാപണം നടത്തിയ ശേഷമാണ് സംസാരം തുടർന്നത്.

മകൻ ഹസയാകട്ടെ ഒളിഞ്ഞുനോട്ടം കൊണ്ട് താരമായതിന്റെ ജാഡ ലേശമില്ലാതെ വീണ്ടും എത്തിനോക്കി മറയുകയും ചെയ്തു