അഭിമുഖത്തിനിടെ ഭൂമി കുലുക്കം; എന്നിട്ടും കുലുങ്ങാതെ ജെസീന്ത ആർഡൻ

ഭൂകമ്പം ഉണ്ടായാലും കുലുങ്ങാത്ത മനുഷ്യരുണ്ടോ? സംശയിക്കേണ്ട തരിമ്പും കുലുക്കമില്ലെന്ന് മാത്രമല്ല, ചിരിച്ചു കൊണ്ട് അഭിമുഖം പൂർത്തിയാക്കുകയും ചെയ്തു ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൻ. ഇന്നലെ വെല്ലിങ്ടണിൽ വച്ചായിരുന്നു സംഭവം. ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ജസീന്തയുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.

ലെവിൻ നഗരത്തോട് ചേർന്ന പ്രദേശത്തുണ്ടായ ഭൂകമ്പം റിക്ടർ സ്കെയിലിൽ 5.8 രേഖപ്പെടുത്തിയിരുന്നു. സാമാന്യം തരക്കേടില്ലാത്ത പ്രകടമ്പനവും ഉണ്ടായി. പാർലമെന്റ് മന്ദിരത്തിനുള്ളിലായിരുന്നു ലൈവ് അഭിമുഖം നടന്നു കൊണ്ടിരുന്നത്. ക്യാമറ കുലുങ്ങി, മുറിയിലുണ്ടായിരുന്ന സർവ വസ്തുക്കളും കുലുങ്ങി. പക്ഷേ ജസീന്ത ചിരിച്ചുകൊണ്ട് അഭിമുഖമെടുക്കാൻ വന്ന റയാൻ ബ്രിഡ്ജിനോട് പറഞ്ഞു. ' മോശമല്ലാത്ത ഭൂമികുലുക്കമാണ് ഉണ്ടായത്. തലക്ക് മുകളിൽ തൂക്കുവിളക്കും ഫാനുമില്ലാത്തത് കൊണ്ട് നമ്മള്‍ സുരക്ഷിതരാണ്. അഭിമുഖം തുടരാം' 

 അഭിമുഖത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിലും ഭൂകമ്പത്തിന്റെ കാര്യം ജസീന്ത വിശദീകരിച്ചു. കാര്യമായി കുലുങ്ങിയെന്നല്ലാതെ ആർക്കും പരുക്കോ, അപകടമോ സംഭവിച്ചിട്ടില്ല. 

മികച്ച നേതൃപാടവം കൊണ്ട് ലോക ശ്രദ്ധ മുൻപും ആകർഷിച്ചിട്ടുണ്ട് ജസീന്ത. കോവിഡ് കൈകാര്യം ചെയ്യുന്ന രീതിയും ക്രൈസ്റ്റ് ചർച്ചിലെ സ്ഫോടന സമയത്തും അവരുടെ സമചിത്തത ലോകപ്രശംസ നേടിയിരുന്നു.