കോവിഡ് പകരാന്‍ വേണ്ടത് വെറും പത്ത് മിനിറ്റ്; പഠനങ്ങൾ പറയുന്നത്

കോവിഡ് ബാധിതനിൽ നിന്ന് വൈറസ് മറ്റൊരാളിലേക്ക് പകരാനെടുക്കുന്നത് വെറും പത്ത് മിനിറ്റെന്ന് പഠനങ്ങൾ. ആരോഗ്യവാനായ ഒരു വ്യക്തിയിലേക്ക് രോഗബാധിതനായ ഒരാളിൽ നിന്ന് വൈറസ് പകരം പത്ത് മിനുട്ട് മാത്രമാണ് വേണ്ടതെന്നാണ് മസാച്യുസെറ്റ്സ് യൂണിവേഴ്സിറ്റിയിലെ കംപാരിറ്റീവ് ഇമ്യൂണോളജിസ്റ്റായ എറിൻ ബ്രോമേജ് നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. 

ഒരു വ്യക്തിയില്‍ നിന്നും 50 മുതല്‍ 50,000 വരെ സ്രവകണങ്ങളാണ് ഒരു തവണ ശ്വാസം പുറത്തേക്കു വിടുമ്പോൾ വരുന്നത്. സാധാരണ കാലാവസ്ഥയില്‍ ഗുരുത്വാകര്‍ഷണ ഫലമായി ഈ കണികകള്‍ താഴേക്ക് പതിക്കും. ചിലത് കുറച്ച് സമയത്തേക്ക് വായുവില്‍ തങ്ങി നിൽക്കും. ഇത്തരത്തിൽ പുറത്തെത്തുന്ന കൊറോണ വൈറസിന്റെ അളവ് കണക്കാക്കപ്പെട്ടിട്ടില്ലെങ്കിലും ജലദോഷത്തിനിടയാകുന്ന വൈറസിന്റെ അളവ് മിനിട്ടില്‍ 20- 33 വരെയാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.. കൊറോണ രോഗിയില്‍ നിന്നും മിനിട്ടില്‍ 20 കണങ്ങള്‍ പുറത്തെത്തുന്നുണ്ടെങ്കില്‍ 50 മിനിട്ടില്‍ ആയിരത്തോളം കണികകള്‍ വായുവില്‍ എത്തിച്ചേരുമെന്ന് എറിന്‍ ബ്രോമേജ് പറയുന്നു.

തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ലക്ഷക്കണക്കിന് വൈറസുകൾ അന്തരീക്ഷത്തിലെത്തുന്നുണ്ട്. ആരോഗ്യവാനായ ഒരാള്‍ രോഗി ചെലവഴിച്ച മുറിയില്‍ പ്രവേശിച്ച് ഒന്നോ രണ്ടോ ശ്വാസമെടുക്കുന്നത് പോലും വൈറസ് ശരീരത്തില്‍ പ്രവേശിക്കുന്നതിന് കാരണമാകുമെന്നും എറിൻ ബ്രോമേജ് പറയുന്നു.