കൊറോണ വൈറസിന്‍റെ ജനിതകമുഖം മാറിയത് 30 തവണ; ഗവേഷകര്‍ പറയുന്നത്

ലോകമെമ്പാടുമുള്ള ഗവേഷകർ കോവിഡ്-19 കോഡ് തകർക്കാനുള്ള പോരാട്ടത്തിലാണ്. കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ഒരു വാക്സിൻ സൃഷ്ടിക്കുന്നതിനുള്ള മാർഗം കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. എന്നാൽ, നിരവധി തവണ ജനിതക മാറ്റം വരുത്തിയ കൊറോണ വൈറസിനെ പിടിച്ചുകെട്ടാൻ ബുദ്ധിമുട്ടാണെന്നാണ് മിക്ക ഗവേഷകരും പറയുന്നത്. ചൈനയിലെ ഒരു പുതിയ പഠനം കാണിക്കുന്നതും ഇതാണ്.

കൊറോണ വൈറസ് കുറഞ്ഞത് 30 വ്യത്യസ്ത ജനിതക വ്യതിയാനങ്ങളിലേക്ക് പരിവർത്തനം ചെയ്തിട്ടുണ്ടെന്ന് ഗവേഷകർ കണ്ടെത്തി. ചൈനയിലെ ഹാങ്‌ഷൗവിലെ സെജിയാങ് സർവകലാശാലയിലെ പ്രൊഫസർ ലി ലഞ്ചുവാനും കൂട്ടരും നടത്തിയ പഠനത്തിലാണ് ഇത് തെളിഞ്ഞത്.

ഹുവാങ്‌ഷൗവിലെ കോവിഡ് -19 ബാധിച്ച 11 രോഗികളിൽ നിന്നുള്ള സാംപിളുകളാണ് ഇവർ പരിശോധിച്ചത്. ഇതിൽ നിന്ന് കൊറോണ വൈറസിന്റെ 30 വ്യത്യസ്ത തരം മ്യൂട്ടേഷനുകളാണ് ഗവേഷകർ കണ്ടെത്തിയത്. ഇവയിൽ 19 എണ്ണം മുൻപൊരിക്കലും കണ്ടിട്ടില്ലാത്തതുമായിരുന്നു.

മരുന്നുകളുടെ നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ആളുകളോട് ഈ മ്യൂട്ടേഷനുകൾ നോക്കാൻ ലി ആവശ്യപ്പെടുന്നുണ്ട്. കാരണം ഈ മ്യൂട്ടേഷനുകൾ മനസ്സിലാക്കിയാൽ ഫലപ്രദമായി പ്രവർത്തിക്കുന്ന ഒരു വാക്സിൻ അല്ലെങ്കിൽ ചികിത്സ സൃഷ്ടിക്കുന്നതിന് ഉപകാരപ്പെടും.

ചൈനയില്‍ വലിയതോതില്‍ ക്വാറന്റിന്‍ നടന്ന പ്രദേശങ്ങളില്‍ കൊറോണ വൈറസ് കൂടുതല്‍ ലക്ഷണങ്ങള്‍ കാണിക്കാതെ പ്രചരിച്ചെന്ന് വ്യത്യസ്ഥ പഠനങ്ങള്‍ നേരത്തെ തന്നെ വന്നിരുന്നു. പരസ്പരം ബന്ധമില്ലാതെ കഴിയുന്ന പ്രദേശങ്ങളില്‍ കടന്നു കൂടിയ കൊറോണ വൈറസ് ബാധ കണ്ടെത്താന്‍ ഗവേഷകര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടേണ്ടി വന്നു. ഇത്തരം കോവിഡ് 19 കേസുകളില്‍ മുന്‍ കേസുകളെ അപേക്ഷിച്ച് ലക്ഷണങ്ങള്‍ വളരെ കുറവാണ് എന്നതായിരുന്നു വെല്ലുവിളി. കൊറോണവൈറസിന്റെ ജനിതക മാറ്റത്തിൽ ആശങ്കയുണ്ടെന്നാണ് ഗവേഷകർ പറയുന്നത്.