ഡിസ്നി ലാന്റിലേക്കില്ല; കിട്ടിയ കോടികള്‍ ക്വാഡന്‍ ജീവകാരുണ്യത്തിനായി നല്‍കും

ഉയരക്കുറവിന്റെ പേരിൽ സഹപാഠികൾ പരിഹസിച്ച ക്വാഡനെ ലോകം സ്നേഹത്താൽ ചേർത്ത് പിടിച്ചത് വൈറലായിരുന്നു. യുഎസ് കൊമേഡിയനായ ബ്രാഡ് വില്യമിന്റെ നേതൃത്വത്തിൽ ഡിസ്നി ലാന്റിലേക്കുള്ള ടിക്കറ്റും സമ്മാനമായി നൽകി. ഡിസ്നി ലാന്റിലേക്ക് ക്വാഡൻ പോകുന്നില്ലെന്നും അഭ്യുദയ കാംക്ഷികൾ സമാഹരിച്ച് നൽകിയ 47.5 കോടി ഡോളർ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചിലവഴിക്കുമെന്നും ക്വാഡന്റെ കുടുംബാംഗങ്ങൾ അറിയിച്ചു.

ഇത്തരം പരിഹാസങ്ങളിൽ തകർന്ന് ജീവിതം അവസാനിപ്പിച്ച നിരവധി പേരുണ്ടെന്നും ഇനി ആരുടെയും ജീവൻ ഇങ്ങനെ പൊലിയാതിരിക്കാനുള്ള കരുതലാണ് വേണ്ടതെന്നും ക്വാഡന്റെ കുടുംബം കൂട്ടിച്ചേർത്തു. തുക ജീവകാരുണ്യ സംഘടനകൾക്ക് കൈമാറുമെന്നും അർഹതപ്പെട്ട കൈകളിൽ എത്തിച്ചേരുമ്പോഴാണ് സന്തോഷമുണ്ടാവുകയെന്നും അവർ വ്യക്തമാക്കി.

സഹപാഠികളുടെ പരിഹാസം അതിരുവിട്ടതോടെയാണ് ഒൻപതുവയസുകാരനായ ക്വാഡൻ എന്നെയൊന്ന് കൊന്നുതരുമോ എന്ന് ചോദിച്ച് പൊട്ടിക്കരഞ്ഞത്. ഹൃദയത്തിലേക്ക് കത്തി കുത്തിയിറക്കാനാണ് തോന്നുന്നതെന്ന് ക്വാഡൻ പറയുന്നത് കേട്ട് ലോകവും കരഞ്ഞു.  ഇതേത്തുടർന്നാണ് ക്വാഡനെ ചേർത്ത് പിടിച്ച് ലോകം ഒൻപതുവയസുകാരനൊപ്പം നിന്നത്.