ഇന്റേൺഷിപ്പിന് നാസയിലെത്തി; മൂന്നാംനാൾ 17കാരൻ കണ്ടെത്തിയത് പുതുഗ്രഹം; അമ്പരപ്പ്

ഇന്റേൺഷിപ്പിന് നാസയിലെത്തിയ ഒരു 17 വയസുകാരന്റെ കണ്ടെത്തലിൽ അദ്ഭുതപ്പെടുകയാണ് ലോകം. നാസയുടെ ഗൊദാര്‍ദ് സ്പേസ് ഫ്ലെറ്റ് സെന്‍ററില്‍ കൗതുകത്തോടെ എത്തിയതാണ് ന്യൂയോര്‍ക്കിലെ സ്കാര്‍ഡ്ഡേലില്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥിയായ വൂള്‍ഫ് കുക്കിയര്‍. നാസയിലെത്തി മൂന്നാം നാൾ അവൻ കണ്ടെത്തിയത് പുതിയ ഗ്രഹത്തെയാണ്.

ട്രാന്‍സിറ്റിംഗ് എക്സോപ്ലാനറ്റ് സര്‍വേ സാറ്റലെറ്റ് നല്‍കുന്ന ചിത്രങ്ങള്‍ നിരീക്ഷിക്കാനായിരുന്നു ഇൗ വിദ്യാർഥിയോട് ഗവേഷകർ നൽകിയ ജോലി. ആവേശത്തോടെ ആ ജോലി ചെയ്യുമ്പോഴാണ് അവനെ അദ്ഭുതപ്പെടുത്തുന്ന ഒരു ദൃശ്യം ശ്രദ്ധയിൽപ്പെടുന്നത്. രണ്ട് നക്ഷത്രങ്ങളുടെ പ്രകാശത്തെ എന്തോ മറയ്ക്കുന്നുണ്ടെന്ന് അവന് തോന്നി. ഇൗ സംശയം അവൻ ഗവേഷകരോട് പങ്കുവച്ചു.

പിന്നീട് നടത്തിയ വിശദ പരിശോധനയിലാണ് ടിഒഐ 1338 എന്ന ഗ്രഹം ഇവിടെ കാണപ്പെടുന്നു എന്ന് ഗവേഷകര്‍ സ്ഥിരീകരിച്ചത്. ഭൂമിയേക്കാള്‍ 6.9 മടങ്ങ് വലുതാണ് ഈ ഗ്രഹമെന്നും ഗവേഷകർ വ്യക്തമാക്കുന്നു. എന്നാൽ ഇത് വാസയോഗ്യമല്ലെന്നും നാസ പറയുന്നു. ഡിഗ്രി പഠനത്തിന് ശേഷം നാസയിലെ ഗവേഷകനാകണം എന്ന ആഗ്രഹമാണ് ഇപ്പോൾ വൂൾഫിന്റെ മനസിൽ.