സ്വവർഗാനുരാഗികൾ വളർത്തി; ബേക്കറിയിൽ പാർട് ടൈം ജോലി; സന മരിന്റെ ജീവിതം

34-കാരിയായ ഫിൻലന്‍ഡ് പ്രധാനമന്ത്രി നിറ‍‍‍‍ഞ്ഞുനില്‍ക്കുകയാണ് വാർത്തകളിൽ. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയെന്നതാണ് സന ഇപ്പോൾ ശ്രദ്ധാകേന്ദ്രമാകുന്നതിന്റെ പ്രധാനകാരണമെങ്കിൽ അതിനുമപ്പുറം ആർക്കുമറിയാത്തൊരു ഭൂതകാലമുണ്ട് സനക്ക്

സ്വവർഗാനുരാഗികളാണ് സനയെ വളർത്തിയത്. ആദ്യമൊക്കെ തന്റെ കുടുംബ പശ്ചാത്തലം വെളിപ്പെടുത്താൻ സനക്ക് മടിയായിരുന്നെങ്കിലും പിന്നീട് അതെക്കുറിച്ച് തുറന്നുപറഞ്ഞിട്ടുണ്ട്. അമ്മയും അവരുടെ സ്ത്രീസുഹൃത്തും ചേർന്നാണ് സനയെ വളർത്തിയത്. രണ്ട് അമ്മമാർ ചേർന്ന് വളർത്തിയതിന്റെ മൂല്യങ്ങൾ തന്റെ ജീവിതത്തിലുണ്ടെന്ന് പല അഭിമുഖങ്ങളിലും സന പറഞ്ഞിട്ടുണ്ട്. 

മുതിർന്നപ്പോൾ ബേക്കറിയിൽ പാർട്ട് ടൈം ജോലി ചെയ്താണ് തന്റെ വിദ്യാഭ്യാസത്തിനുള്ള പണം കണ്ടെത്തിയത്. 

എന്നെ സംബന്ധിച്ചിടത്തോളം ആളുകളെല്ലാം തുല്യരാണ്. ഇത് തീരുമാനങ്ങളുടെ മാത്രം കാര്യമല്ല മറിച്ച് എല്ലാത്തിന്റെയും അടിത്തറകൂടിയാണ്.  ഇന്ന് ഈ 21–ാം നൂറ്റാണ്ടിൽ മഴവിൽ കുടുംബങ്ങളെക്കുറിച്ച് തുറന്നു സംസാരിക്കാനൊക്കെ ആളുകൾ തയാറാകുന്നുണ്ട്. അന്നൊക്കെ നിശ്ശബ്ദതയായിരുന്നു ഏറ്റവും കഠിനമായ കാര്യം. അദൃശ്യയായിരുന്നത് ഒരു തരം അയോഗ്യതയാണെന്നു തന്നെ കരുതിയിരുന്നു. ഞങ്ങളെ യഥാർഥ കുടുംബമായി ആരും അംഗീകരിച്ചിരുന്നില്ല. അല്ലെങ്കിൽ മറ്റുള്ളവരെപ്പോലെ തുല്യരായി കണ്ടിരുന്നില്ല. വലിയ രീതിയിലൊന്നും പരിഹസിക്കപ്പെട്ടിരുന്നില്ല. കുട്ടിക്കാലത്ത് വളരെ നിഷ്കളങ്കയായ അതേസമയം പിടിവാശിക്കാരിയായ കുട്ടിയായിരുന്നു ഞാൻ. ഒരുകാര്യവും ഞാനത്ര ലളിതമായി കണ്ടിരുന്നില്ല'', സന പറയുന്നു.

രണ്ടു വയസുള്ള കുഞ്ഞിന്റെ അമ്മ കൂടിയാണ് സന ഇപ്പോൾ.