ബാഗ്ദാദി വേട്ട; മിന്നലാക്രമണത്തിന്റെ ആദ്യ ദൃശ്യങ്ങൾ പുറത്തുവിട്ട് അമേരിക്ക; വിഡിയോ

ഐസിസ് തലവൻ അബൂബക്കർ ബാഗ്ദാദിയുടെ ഒളിത്താവളത്തിൽ അമേരിക്ക നടത്തിയ മിന്നലാക്രമണത്തിന്റെ ആദ്യ ദൃശ്യങ്ങൾ പുറത്തുവിട്ടു. ബാഗ്ദാദിയുടെ താമസസ്ഥലത്ത് അമേരിക്കൻ കമാൻഡോകൾ പ്രവേശിക്കുന്നതിന്റെ വിഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഒളിത്താവളത്തിന്റെ മതിൽ വരെ കമാന്‍ഡോകൾ എത്തുന്ന വിഡിയോ മുൻപ് പുറത്തുവിട്ടിരുന്നു. 

ഒളിത്താവളത്തിനു നേരെ വെടിയുതിർക്കുന്നതും തുരങ്കത്തിലൂടെ രക്ഷപ്പെടാനുള്ള ബാഗ്ദാദിയുടെ നീക്കവുമെല്ലാം യുഎസ് പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ദൃശ്യങ്ങളിൽ വ്യക്തമാണ്. ചാവേറായി അബൂബക്കർ ബാഗ്ദാദി പൊട്ടിത്തെറിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. 

ആക്രമണത്തിനും മുമ്പും ശേഷവുമുള്ള ഒളിത്താവളത്തിന്‍റെ ചിത്രങ്ങളും പുറത്തുവിട്ടിരുന്നു. ബാഗ്ദാദിയും രണ്ട് കുട്ടികളും നാല് സ്ത്രീകളും ഒരു പുരുഷനുമടക്കം എട്ടുപേരാണ് കൊല്ലപ്പെട്ടതെന്ന് ആക്രമണത്തിന് നേതൃത്വം നൽകിയ ജനറൽ മക്കൻസി വ്യക്തമാക്കി. ‌

സിറിയയിലെ വടക്ക് പടിഞ്ഞാറൻ പ്രവിശ്യയായ ഇദ്‌ലിബിൽ അമേരിക്കൻ സൈന്യം നടത്തിയ സൈനിക നടപടിയിലാണ് ബഗ്ദാദി കൊല്ലപ്പെട്ടത്.