ചൊവ്വയിൽ ജീവൻ? വൻ പ്രഖ്യാപനത്തിനൊരുങ്ങി നാസ; ആശങ്ക അറിയിച്ച് ഗവേഷകർ

ചൊവ്വയില്‍ അടുത്ത രണ്ട് വർഷങ്ങൾക്കുള്ളിൽ ജീവൻ കണ്ടെത്തിയേക്കുമെന്ന് നാസ. 2021 മാർച്ചിൽ നാസയും യൂറോപ്യന്‍ സ്‌പെയ്‌സ് ഏജന്‍സിയും (ESA) അയക്കുന്ന രണ്ട് ചൊവ്വാഗ്രഹ റോവറുകൾ ജീവന്റെ സാന്നിധ്യം കണ്ടെത്തിയേക്കാമെന്ന് ശാസ്ത്രജ്ഞൻ ഡോ. ജിം ഗ്രീൻ അവകാശപ്പെട്ടു. 

ഇഎസ്എയുടെ എക്‌സോമാര്‍സ് (ExoMars) ദൗത്യത്തില്‍ റോസാലിന്‍ഡ് ഫ്രാങ്ക്‌ളിന്‍ റോവറാണ് ചൊവ്വയില്‍ ഇറങ്ങുന്നത്. ഇത് ഭൂമിക്കു വെളിയില്‍ ജീവന്റെ സാന്നിധ്യമുണ്ടോ എന്ന് പരിശോധിക്കുന്ന ആദ്യ ദൗദ്യങ്ങളിലൊന്നായിരിക്കും. റോവര്‍ ചൊവ്വയുടെ മണ്ണിൽ ആഴത്തില്‍ കുഴിച്ചു നോക്കിയാണ് ജീവന്റെ സാന്നിധ്യമുണ്ടോ എന്നറിയാന്‍ ശ്രമിക്കുക. മണ്ണിന്റെ സാംപിള്‍ എടുത്തു പരിശോധിക്കുകയും ചെയ്യും. ഈ മണ്ണിൽ ഭൂമിയിലെ മനുഷ്യർക്ക് ജീവിക്കാൻ കഴിയുമോ എന്നും പരിശോധിക്കും. 

ചൊവ്വയിൽ നിന്ന് ലഭിക്കുന്ന തെളിവുകളുടെ ആഘാതം മനുഷ്യരാശിക്ക് താങ്ങാനാകില്ല എന്നാണ് ഗ്രീൻ പറയുന്നത്. പ്രഖ്യാപനം നടത്തിയാലുള്ള അനന്തരഫലങ്ങൾ എന്തായിരിക്കുമെന്നതിനെക്കുറിച്ച് ആശങ്കയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. 

നാസയുടെ സ്വന്തം ചൊവ്വാ ദൗത്യം 2020ല്‍ ആയിരിക്കും നടക്കുക. അവര്‍ സ്വന്തം നിലയില്‍ ചൊവ്വയിലെ പാറകൾ കുഴിച്ചു നോക്കി ജീവന്റെ സാന്നിധ്യം കണ്ടെത്താന്‍ ശ്രമിക്കും. പല തരം യന്ത്ര സാമഗ്രികളുമായാണ് നാസുടെ പേടകവും ചൊവ്വയിലിറങ്ങുക. മാര്‍സ് 2020 റോവര്‍ എന്നു പേരിട്ടിരിക്കുന്ന ദൗത്യത്തിനൊപ്പം ഒരു ഹെലിക്കോപ്ടറും അയയ്ക്കുന്നുണ്ട്.‌ ഈ ഹെലികോപ്റ്റര്‍ അവിടെ പ്രവര്‍ത്തിച്ചില്ലെങ്കിലും ദൗത്യം സുഗമമായി നടക്കും. എന്നാല്‍ നന്നായി പ്രവര്‍ത്തിക്കുകയാണെങ്കില്‍ രണ്ടാം തലമുറയിലുള്ള ഹെലിക്കോപ്റ്ററുകളായിരിക്കും അടുത്ത ദൗത്യത്തിന് അയയ്ക്കുക.