533 ദിവസം ബഹിരാകാശത്ത് അതിജീവനം; ചൊവ്വയിലെ ജീവന് കൂടുതൽ തെളിവ്; അമ്പരപ്പ്

ചൊവ്വയിൽ ജീവന് നിലനിൽക്കാൻ സാധിക്കുമെന്നതിന് തെളിവ്. രാജ്യാന്തര ബഹിരാകാശ നിലയത്തിൽ നടത്തിയ പരീക്ഷണത്തിലാണ് ജീവന് തെളിവ് ലഭിച്ചത്. ഭൂമിയിലെ സൂക്ഷ്മ ജീവികളും സസ്യങ്ങളും ബഹിരാകാശ നിലയിലെ അത്യന്തം ദുഷ്കരമായ സാഹചര്യത്തിൽ 533 ദിവസമാണ് വിജയകരമായി ജീവിച്ചത്. ഇത് ചൊവ്വയിൽ അതിജീവനം സാധ്യമാണെന്നതിന്റെ തെളിവാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. 

ബഹിരാകാശത്തെ യുവി രശ്മകികളേറ്റും താപനിലയത്തിലെ വലിയ ഏറ്റക്കുറച്ചിലുകളെയും അതിജീവിച്ചാണ് സൂക്ഷ്മജീവനുകൾ പിടിച്ചുനിന്നത്. സൗരയൂഥത്തിൽ ഭൂമി കഴിഞ്ഞാൽ ജീവന് സാധ്യതയുള്ള ഗ്രഹമാണ് ചൊവ്വ. പക്ഷേ ഇനിയും നിരവധി വെല്ലുവിളികൾ ചൊവ്വയിലുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. 

വൻ പൊടിക്കാറ്റ്, കഠിന തണുപ്പ്, വരണ്ട കാലാവസ്ഥ, ഓക്സിജന്റെയും ഗുരുത്വാകർഷണത്തിന്റെയും കുറവ് എന്നിവയാണ് ചൊവ്വയിലെ ജീവന് വെല്ലുവിളിയാകുന്ന ഘടകങ്ങൾ. എന്നാൽ ഭൂമിയിലേതിന് സമാനമായി ജീവന് അനുകൂലമായ ചില സാഹചര്യങ്ങളും ചൊവ്വയിലുണ്ട്. 

ചൊവ്വാ പര്യവേഷണം നടത്തിയ മനുഷ്യനിർമിത ചെറുവാഹനങ്ങൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചൊവ്വയിലേതിന് സമാനമായ സാഹചര്യ കൃത്രിമമായി സൃഷ്ടിച്ചെടുത്തു. ഭൂമിയിലെ സൂക്ഷ്മ ജീവികളെയും സസ്യങ്ങളെയും ബഹിരാകാശ നിലയത്തിലേക്ക് അയച്ചു. ബയോമെക്സ് എന്ന പരീക്ഷണം വലിയ വിജയമായിരുന്നു എന്നാണ് റിപ്പോർട്ടു. 

2014 മുതൽ 2016 വരെയായിരുന്നു പരീക്ഷണം. ഇതിന് ശേഷം ഇവയെ ഭൂമിയിലേക്ക് തിരിച്ചെത്തിക്കുകയും ചെയ്തു. ഒന്നര വർഷത്തോളം പ്രതികൂല സാഹചര്യത്തിൽ കഴിഞ്ഞിട്ടും അവയെ അതിജീവിക്കാൻ സൂക്ഷ്മജീവനുകൾക്ക് കഴിഞ്ഞതാണ് ശാസ്ത്രലോകത്തെ അമ്പരപ്പിച്ചത്. 

മനുഷ്യൻ നടത്തിയ പര്യവേഷണങ്ങളിലൊന്നും ചൊവ്വയിൽ ജീവനുണ്ടെന്ന് ഉറപ്പിക്കാനായിട്ടില്ല. എന്നാൽ ഭൂമിയിലെ സൂക്ഷ്മ ജീവിതങ്ങൾക്ക് ചൊവ്വയിലെ സാഹചര്യത്തെയും അതിജീവിക്കാനാകുമെന്നത് ചൊവ്വയിലെ ജീവന്റെ സാധ്യതകളെ വർധിപ്പിച്ചിരിക്കുകയാണ്.