പാക്കിസ്ഥാനെ പറഞ്ഞത് മോശം; മോദിയെ വിമർശിച്ച് ട്രംപ്

ഹൗഡി മോദിക്ക് തൊട്ടു പിന്നാലെ നരേന്ദ്രമോദിയെ വിമര്‍ശിച്ച് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. പാക്കിസ്ഥാനെക്കുറിച്ച് ഹൂസ്റ്റണില്‍ മോദി നടത്തിയ പരാമര്‍ശം മോശമായിപ്പോയെന്ന് ട്രംപ് പറഞ്ഞു. മോദി അങ്ങനെ പറയുമെന്ന് കരുതിയില്ലെന്ന്, പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്‍റ് പറഞ്ഞു. ഇരുരാജ്യങ്ങളുമായും തനിക്ക് നല്ല ബന്ധമാണെന്നും ട്രംപ് വ്യക്തമാക്കി. 

ഞായറാഴ്ച അമേരിക്കയില്‍ നടത്തിയ ഹൗഡി മോദി പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ട്രംപിന്റെ സാന്നിധ്യത്തില്‍ പാക്കിസ്ഥാനെതിരെ കടുത്ത വിമര്‍ശനം അഴിച്ചുവിട്ടിരുന്നു. ഇന്ത്യക്കെതിരെ വിദ്വേഷപ്രചാരണം നടത്തുകയാണ് ചിലരുടെ പ്രധാന അജന്‍ഡയെന്ന് പാക്കിസ്ഥാന്റെ പേരു പരാമര്‍ശിക്കാതെ മോദി പറഞ്ഞു.

ഭീകരതയെ പിന്തുണയ്ക്കുകയും ഭീരരര്‍ക്കു സുരക്ഷിതതാവളം ഒരുക്കുകയുമാണ് അവര്‍ ചെയ്യുന്നത്. അമേരിക്കയിലെ 9/11 ആക്രമണം ആയാലും മുംബൈയിലെ 26/11 ആയാലും അതിന്റെ ആസൂത്രകരെ കണ്ടെത്തിയത് എവിടെയാണ്? നിങ്ങള്‍ക്കു മാത്രമല്ല, ലോകത്തിനാകെ ഈ ആളുകളെ അറിയാമെന്നും ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു മോദി പറഞ്ഞു.