ട്രാക്കില്‍ പൊങ്ങി ഉയര്‍ന്ന് കാര്‍; ഫോര്‍മുല ത്രീ ഡ്രൈവറുടെ അല്‍ഭുത രക്ഷ; വിഡിയോ

റേസിങ് ട്രാക്കില്‍ നിന്നും ഒരു അല്‍ഭുത രക്ഷപെടല്‍. ഫോര്‍മുല ത്രീ ഡ്രൈവര്‍ അലക്‌സ് പെറോണിയാണ് കാഴ്ചക്കാരെ ഞെട്ടിച്ച അപകടത്തില്‍ നിന്ന് അവിശ്വസനീയമാംവിധം രക്ഷപ്പെട്ടത്.

മോണ്‍സയില്‍ ഫോര്‍മുല വണ്‍ ഇറ്റാലിയന്‍ ഗ്രാന്‍പ്രീയുടെ യോഗ്യതാ റേസിന് തൊട്ടുമുന്‍പ് നടന്ന റേസിലാണ് പത്തൊന്‍പതുകാരനായ ഓസ്‌ട്രേലിയന്‍ ഡ്രൈവര്‍ അലക്‌സ് പെറോണിയുടെ കാര്‍ അപകടത്തില്‍പ്പെട്ടത്. കാറുകള്‍ അതിവേഗം പായുന്ന പാരാബോളിക്ക്  വളവിലെ സോസേജ് കേര്‍ബില്‍ ഇടിച്ച കാര്‍ വായുവില്‍ ഉയര്‍ന്ന് മൂന്ന്‌ വട്ടം കരണം മറിഞ്ഞു. ശേഷം ട്രാക്കിന്റെ ഓരത്ത് മൂക്കുകുത്തി വീണ് തകരുകയായിരുന്നു. ഞെട്ടലോടെയാണ് കാണികള്‍ ഈ ദാരുണ ദൃശ്യം കണ്ടുനിന്നത്.

പെറോണി തകര്‍ന്നുപോയ കാറില്‍ നിന്ന് സ്വയം പുറത്തിറങ്ങി ഓടിയെത്തി മെഡിക്കല്‍ കാറില്‍ കയറുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ പെറോണിക്ക് നട്ടെല്ലിനും തലയ്ക്കും പരിക്കുണ്ട്. കാറിനുള്ളിലെ റോള്‍ കേജാണ് പെറോണിയുടെ ജീവന്‍ കാത്തത്. ജീവന് ആപത്തില്ലെങ്കിലും പെറോണി രണ്ടാമത്തെ റേസില്‍ പങ്കെടുക്കില്ല. നിലവില്‍ പെറോണി ആശുപത്രിയില്‍ ചികില്‍സയിലാണ്.