മരിച്ചെന്നു കരുതിയവർക്കു മുന്നിൽ ജീവനോടെ അയാൾ; പാറപ്പുറത്ത്! അമ്പരപ്പ്

ലോകപ്രശസ്തമാണ് കാനഡയിലെ നയാഗ്ര വെള്ളച്ചാട്ടം. ഇതിന്റെ സൗന്ദര്യമാസ്വദിക്കാൻ നിരവധി സഞ്ചാരികൾ ഇവിടേക്കെത്താറുണ്ട്. സൗന്ദര്യമാസ്വദിക്കാനെത്തുന്നവർ ഇവിടെ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ചും മനസിലാക്കണം. അത്തരത്തിൽ അമ്പരപ്പിക്കുന്ന ഒരു സംഭവം കഴിഞ്ഞ ദിവസം ഇവിടെ നടക്കുകയും ചെയ്തു. നയാഗ്ര കാണാനെത്തിയ ഒരാൾ വെള്ളച്ചാട്ടത്തിലേക്ക് വീഴുകയായിരുന്നു. ഇയാൾക്ക് സുരക്ഷാ കവചങ്ങൾ പോലും ഉണ്ടായിരുന്നില്ല. 

വെള്ളച്ചാട്ടത്തിലേത്ത് ഒരാൾ വീണെന്ന് അറിഞ്ഞപ്പോൾ തന്നെ പലരും മരണം ഉറപ്പിച്ചു. മൃതദേഹമെങ്കിലും ലഭിക്കുമല്ലോ എന്നു കരുതിയാണ് തിരച്ചിലിനിറങ്ങിയത്. മൂടലും കുത്തിയൊലിക്കുന്ന വെള്ളത്തിന്റെ പതയും മൂലം തിരച്ചിലിനിറങ്ങിയവരുടെ കാഴ്ച പോലും മറഞ്ഞു. എങ്കിലും തിരച്ചിൽ തുടർന്നു. 

ഒടുവിൽ തിരയാനിറങ്ങിയവർ ഞെട്ടി. വെള്ളച്ചാട്ടത്തിന് താഴെ ഒരു പാറക്കൂട്ടത്തിന് മുകളിലിരിക്കുകയായിരുന്നു അയാള്‍. സാരമായ പരിക്കുകളൊന്നും തന്നെ പറ്റിയിട്ടില്ലെങ്കിലും ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

എങ്ങനെയാണ് ഇയാൾ രക്ഷപ്പെട്ടതെന്ന് ഇപ്പോഴും മനസിലാകുന്നില്ലെന്ന് സുരക്ഷാ ജീവനക്കാര്‍ പോലും പറയുന്നു. 188 അടിയോളം വരുന്ന, കൂര്‍ത്ത കല്ലുകളും, കുഴിവുകളും, വഴുക്കലും നിറഞ്ഞ കുത്തനെയുള്ള താഴ്ചയിലേക്കാണ് ഇയാൾ പതിച്ചത്.