പിന്തുടർന്ന് ആക്രമിക്കാൻ ആയുധങ്ങൾ; ഞെട്ടിച്ച് ഇറാന്‍റെ വെളിപ്പെടുത്തൽ; വിഡിയോ

അമേരിക്കക്കെതിരെ ഭീഷണികള്‍ തുടർന്ന് ഇറാൻ. പുതിയ ആയുധശേഖരത്തിന്‍റെ  വിഡിയോയും ചിത്രങ്ങളും പുറത്തുവിട്ടു. തദ്ദേശീയമായി വികസിപ്പിച്ച വ്യോമപ്രതിരോധ സംവിധാനത്തിൻറെ വിഡിയോ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. അമേരിക്കയുടെ താഡ്, റഷ്യയുടെ എസ്–400 എന്നിവയ്ക്ക് സമാനമാണിവ. ഒരേ സമയം ആറ് ടാര്‍ഗറ്റുകളെ വരെ ആക്രമിക്കാന്‍ ശേഷിയുള്ള ആയുധങ്ങളാണിവയെന്ന് ഇറാൻ അവകാശപ്പെടുന്നു. 

ബോംബറുകളും ഡ്രോണുകളും പോർവിമാനങ്ങളുമെല്ലാം മിസൈൽ സഹായത്തോടെ തകർക്കാൻ ശേഷിയുള്ള ആയുധങ്ങളാണിവയെന്ന് രാജ്യത്തെ പ്രതിരോധ വിദഗ്ധർ പറയുന്നു. റഡാറുകളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഖൊർദാദ് 15 സംവിധാനത്തിനു 150 കിലോമീറ്റർ പരിധിയിലുള്ളവസ്തുക്കളെ വരെ നിരീക്ഷിക്കാനും 120 കിലോമീറ്റർ പരിധിയിലുളളതിനെ തകർക്കാനും കഴിയും. 

സ്റ്റെൽത്ത് ശേഷിയുള്ള (റഡാറിനെ മറികടക്കാൻ കഴിയുന്നവ) പോർവിമാനങ്ങളെ 85 കിലോമീറ്റർ പരിധിയിൽ നിരീക്ഷിക്കാനും 45 കിലോമീറ്റർ പരിധിയിൽ ആക്രമിക്കാനും ഇറാന്റെ പുതിയ ആയുധ സംവിധാനത്തിനു സാധിക്കും. ഒരു വസ്തുവിനെ കണ്ടെത്തിയാൽ അഞ്ചു മിനിറ്റിനകം പിന്തുടര്‍ന്ന് ആക്രമിച്ച് തകർക്കാൻ കഴിയുമെന്നും ഇറാൻ അവകാശപ്പെടുന്നു.