സാധാരണനിലയിലേക്ക് നീങ്ങാൻ ശ്രീലങ്ക; കനത്ത സുരക്ഷയിൽ പളളികളില്‍ കുര്‍ബാന

ഈസ്റ്റര്‍ ദിനത്തിലെ ഭീകരാക്രമണത്തിനുശേഷം ശ്രീലങ്കന്‍ പളളികളില്‍ ഇന്ന് ഞായറാഴ്ച കുര്‍ബാന നടന്നു. കമാന്‍ഡോകളടക്കം സൈനികവിഭാഗങ്ങളുടെ  കനത്ത  സുരക്ഷയിലായിരുന്നു  കുര്‍ബാന.

ഈസ്റ്റര്‍ ദിനത്തിലെ ദുരന്തം തീര്‍ത്ത മുറിവുകള്‍ ഉണങ്ങിയിട്ടില്ല. എങ്കിലും രാജ്യം സാധാരണനിലയിലേക്ക് നീങ്ങാനുളള ശ്രമത്തിന്റെ ഭാഗമായാണ് മൂന്നാഴ്ചകള്‍ക്കുഷേഷം ഇന്ന് പളളികളില്‍ കുര്‍ബാന നടത്താന്‍ കത്തോലിക്ക സഭ തീരുമാനിച്ചത്.  പളളികളിലും  വഴികളിലും സൈന്യവും സായുധപൊലീസും നിലയുറപ്പിച്ചിരുന്നു.

പളളിപരിസരങ്ങളിലേക്ക് വാഹനങ്ങളും ബാഗുകളും അനുവദിച്ചില്ല.  തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉളളവര്‍ക്കുമാത്രമായിരുന്നു പ്രവേശനം.  ഈസ്റ്റര്‍ ദിനത്തിലെ ദുരന്തം മറക്കാനാകില്ലെങ്കിലും ക്രൈസ്തവവിശ്വാസം   എല്ലാം ക്ഷമിക്കാനാണ് പഠിപ്പിക്കുന്നതെന്ന്  വിശ്വാസികള്‍ പ്രതികരിച്ചു.

വീണ്ടും ആക്രമണം ഉണ്ടാകാന്‍ സാധ്യതയുളളതിനാല്‍ ഈസ്റ്റര്‍ ദിനത്തിനുശേഷം പളളികള്‍ അടച്ചിട്ടിരിക്കുകായിരുന്നു. മേയ് അഞ്ചിന് പളളികളില്‍ കുര്‍ബാന നടത്താന്‍ തീരുമാനിച്ചെങ്കിലും സുരക്ഷാഭീഷണി ഉയര്‍ന്നതോടെ ഉപേക്ഷിച്ചു.  കഴിഞ്ഞ രണ്ട് ഞായറാഴ്ചകളില്‍  കൊളംബോ ആര്‍ച്ച് ബിഷപ് മാല്‍ക്കം രഞ്ജിത്ത്കുര്‍ബാന അര്‍പിക്കുകയും ഇത്  ടെലിവിഷന്‍ വഴി വിശ്വാസികള്‍ക്കായി സംപ്രേഷണം ചെയ്യുകയുമായിരുന്നു.