ഇവള്‍ ആന്‍ ഫ്രാങ്കിന്റെ പിന്‍ഗാമി; ഗാസയിൽ നിന്നും ഒരു വിഡിയോ ഡയറി

മൂന്ന് ദിവസമായി തുടരുന്ന വെടിവെപ്പും റോക്കറ്റാക്രമണവും അശാന്തമാക്കിയ ഗാസയില്‍ നിന്ന് ഒരു വീഡിയോ ലോകത്തിനുമുന്നിലേക്ക് എത്തുകയാണ്. റോക്കറ്റാക്രമണത്തില്‍ ഭയന്നുപോയ ഒരു ഒന്‍പതുവയസുകാരിയുടെ മനസാണ് ഈ വീ‍ഡിയോ ചിത്രീകരണത്തിന് കാരണമായത്.

ഇവളാണ് റെനാന. ഡയറിക്കുറിപ്പുകളിലൂടെ പ്രശസ്തയായ ആന്‍ ഫ്രാങ്കിന്റെ പിന്‍ഗാമി എന്ന് ഇവളെ വേണമെങ്കില്‍ വിളിക്കാം. നാസിപ്പടയുടെ ഭീകരതകള്‍  ലോകമനസിനെ ഞെട്ടിച്ചത് ആനിന്റെ ഡയറിക്കുറിപ്പുകള്‍ വായിച്ചത് കൊണ്ടുകൂടിയാണ്. ഇത് റെനാനയുടെ വീ‍ഡിയോ ഡയറിയാണ്. 4 ദിവസം മുന്‍പ് തുടങ്ങിയ ഇസ്രായേല്‍ പാലസ്തീന്‍ ആക്രമണപരമ്പര ഭയത്തോടെ ഒാര്‍ക്കുകയാണ് റെനാന. ഗാസ അതിര്‍ത്തിയിലുണ്ടായ വെടിവെപ്പാണ് ഈ 9 വയസ്സുകാരിയെ ഇങ്ങനെയൊരു വീഡിയോക്ക് പ്രേരിപ്പിച്ചത്. വെടിവെപ്പു നടക്കുമ്പോള്‍ സ്കൂളില്‍ നിന്ന് മടങ്ങും വഴിയായിരുന്നു റെനാന. വെടിയൊച്ച കേട്ടതും അവള്‍ ആവും വേഗത്തില്‍ ഒാടുകയായിരുന്നു വീട്ടിലേക്ക്. 2 മിനിട്ടായിരുന്നു എന്റെ മുന്നിലുണ്ടായിരുന്നത്. ഏതാണ്ട് 690 റോക്കറ്റുകള്‍ നിമിഷനേരം കൊണ്ട് പറന്ന് വന്നു. വയറിനകത്താകെ എന്തോ വന്നിടിക്കും പോലെ. റോക്കറ്റ്പോലെ ഞാനും ഒാടുകയായിരുന്നു വീട്ടിലേക്ക്. 

ഇനിയുള്ളത് റെനാനയുടെ അമ്മ പറയും. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു എന്നൊക്കെ അവര്‍ വെറുതേ പറയുകയാണ്. വെടിയൊച്ചകള്‍ മാത്രമാണ് ഞങ്ങള്‍ ഇപ്പോഴും കേള്‍ക്കുന്നത്. സംവിധായികയും എഴുത്തുകാരിയുമാണ് റെനാനയുടെ അമ്മ ലാനിറ്റ് സ്വിസ്സാ. ഇപ്പോള്‍ റെനാനയുടെ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കാനൊരുങ്ങുകയാണ് സ്വിസ്സാ. എല്ലാം മറക്കാന്‍ മനസ്സ് ശാന്തമാക്കാന്‍ തന്റെ പട്ടിക്കുട്ടിക്കൊപ്പം കളിക്കുകയാണ് റെനാനയിപ്പോള്‍.