ക്ഷീണം കാരണം പള്ളിയിൽ പോയില്ല; കേട്ടത് വലിയ ശബ്ദം; നടുക്കം: ശ്രീലങ്കൻ ക്രിക്കറ്റ് താരം

ശ്രീലങ്കയിൽ നടന്ന സ്ഫോടനങ്ങളിൽ നിന്ന് ഭാഗ്യം കൊണ്ടാണ് താൻ രക്ഷപെട്ടതെന്ന് ക്രിക്കറ്റ് താരം ദാസുൻ ശനക. ''എല്ലാവര്‍ഷവും ഈസ്റ്റര്‍ ദിനത്തിൽ പള്ളിയിൽ പോകാറുള്ളതാണ്. ക്ഷീണിതനായതിനാൽ ഇക്കുറി പോകാൻ പറ്റിയില്ല''-നടുക്കത്തോടെ ശനക പറയുന്നു. 

നെഗെമ്പോയാണ് ശനകയുടെ സ്വദേശം. ഇവിടുന്ന് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലേക്ക് അധികദൂരമില്ല. എല്ലാ വർഷവും ഈസ്റ്റർ ഞായറാഴ്ച ശനക പള്ളിയിൽ പോകുന്നത് മുടക്കാറില്ല. എന്നാൽ നീണ്ട യാത്ര കഴിഞ്ഞ് വന്നതിനാൽ ഇക്കുറി പള്ളിയിൽ പോകാൻ കഴിഞ്ഞില്ലെന്ന് ശനക പറയുന്നു.

''അന്ന് രാവിലെ ഞാൻ വീട്ടിലിരിക്കുമ്പോൾ ഒരു വലിയ ശബ്ദം കേട്ടു. ആരോ പറയുന്നത് കേട്ടു, പള്ളിയിൽ ബോംബ് സ്ഫോടനം നടന്നെന്ന്. കേട്ടയുടൻ പള്ളിയിലേക്ക് കുതിച്ചു. അവിടെ ചെന്നപ്പോൾ കണ്ട കാഴ്ച ഒരിക്കലും മറക്കില്ല. പള്ളി മുഴുവൻ നശിച്ചു, പല ഭാഗത്തായി ചിതറിക്കിടക്കുന്ന അവശിഷ്ടങ്ങൾ, ജീവനില്ലാത്ത ശരീരങ്ങൾ പുറത്തെത്തിക്കുന്ന കുറേ മനുഷ്യർ''- ശനകയുടെ വാക്കുകള്‍. 

താരത്തിന്റെ അമ്മയും മുത്തശ്ശിയും പള്ളിയിലുണ്ടായിരുന്നു. കാഴ്ച കണ്ട് ഞെട്ടിയ ശനക ആദ്യം തിരഞ്ഞത് അവരെയായിരുന്നു. ''അമ്മക്ക് ചെറിയ പരുക്കേ ഉണ്ടായിരുന്നുള്ളൂ. മുത്തശ്ശിയുടെ തലയില്‍ ശസ്ത്രക്രിയ വേണ്ടിവന്നു''- ശനക പറഞ്ഞു. 

പുറത്തേക്കിറങ്ങാനും തെരുവിലേക്ക് നോക്കാനും എനിക്കിപ്പോൾ പേടിയാണ്- ശനക പറഞ്ഞു. 

ഉത്തരവാദിത്തം ഐഎസിന്

ശ്രീലങ്കയിലെ ചാവേര്‍ സ്ഫോടന പരമ്പരകളുടെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഐഎസ് ഏറ്റെടുത്തു. വീണ്ടും സ്ഫോടനമുണ്ടായേക്കാമെന്ന ഇന്‍റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്ന് ഇന്ന് രാത്രി 9 മണിമുതല്‍ നാളെ രാവിലെ വരെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. അതേസമയം സ്ഫോടന പരമ്പരയില്‍ കൊല്ലപ്പെട്ട രണ്ട് ഇന്ത്യക്കാരെക്കൂടി തിരിച്ചറിഞ്ഞു.

ചാവേര്‍ സ്ഫോടന പരമ്പരയ്ക്ക് പിന്നില്‍ നാഷണല്‍ തൗഹീദ് ജമാഅത്ത് എന്ന സംഘടനയാണെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ ആരോപിക്കുന്നതിനിടെയാണ് ഐഎസ് ഉത്തരവാദിത്തം ഏറ്റെടുത്തത്. അമേരിക്കന്‍ സഖ്യകക്ഷികളുടെ പൗരന്മാരെയും ക്രൈസ്തവരെയും ലക്ഷ്യംവച്ചാണ് ആക്രമണം നടത്തിയതെന്നാണ് ഐ.എസിന്റെ അവകാശവാദം. സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സംസ്കരിച്ചു തുടങ്ങി. പലയിടത്തും പൊതുഇടങ്ങളില്‍ കണ്ടെത്തി കൂട്ടമായി സംസ്കരിക്കുകയാണ്.

വീണ്ടും ആക്രമമണമുണ്ടായേക്കാമെന്ന് മുന്നറിയിപ്പുണ്ട്. ഇതിനെ തുടര്‍ന്ന് ഇന്ന് രാത്രി 9 മണി മുതല്‍ നാളെ രാവിലെ വരെ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. ഇതിനിടെ, സ്‍ഫോടനത്തില്‍ കൊല്ലപ്പെട്ട രണ്ടു ഇന്ത്യക്കാരെ കൂടി തിരിച്ചറിഞ്ഞു. കര്‍ണാടക സ്വദേശികളും ജെഡിഎസ് നേതാക്കളുമായ എ മാരെഗൗഡ, എസ് പുട്ടരാജു എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതോടെ സ്ഫോടനത്തില്‍ കൊല്ലപ്പട്ട ഇന്ത്യക്കാരുടെ എണ്ണം പത്തായി.