ഹോട്ടലില്‍ ഒളികാമറ; 1600 പേരുടെ സ്വകാര്യ ദൃശ്യങ്ങള്‍ ലൈവായിക്കണ്ടത് 4000 പേര്‍: രോഷം

ദക്ഷിണകൊറിയയെ ഞെട്ടിച്ച് 'രഹസ്യ ക്യാമറാ' വിവാദം. രാജ്യത്തെ വിവിധ നഗരങ്ങളിലെ 30 ഹോട്ടലുകളിലെ 42 മുറികളിൽ ഒളിക്യാമറ ഘടിപ്പിച്ച് 1600 അതിഥികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകര്‍ത്തി. സംഭവത്തിൽ നാല് യുവാക്കൾ അറസ്റ്റിലായി. ഹോട്ടൽ മുറികളിലെ ഭിത്തികളിലും ഉപയോഗിക്കുന്ന വസ്തുക്കളിലും ക്യാമറ ഘടിപ്പിക്കുകയായിരുന്നു. ദൃശ്യങ്ങൾ ചിത്രീകരിച്ച് ആവശ്യക്കാർക്കായി തത്സമയം സംപ്രേഷണം നടത്തുകയും ചെയ്തു. 

ഡിജിറ്റൽ ടെലിവിഷൻ ബോക്സുകളിലും ഭിത്തിയുടെ സോക്കറ്റുകളിലും ഹെയർ ഡ്രയറുകളിലും ഉൾപ്പെടെ വിവിധയിടങ്ങളിൽ ക്യാമറ ഒളിപ്പിച്ചു. അതിഥികളുടെ സ്വകാര്യ സംഭാഷണങ്ങൾ, കുളിമുറിയിലെ രംഗങ്ങൾ, ലൈംഗിക ദൃശ്യങ്ങളും വരെ ഇടപാടുകാരുടെ കംപ്യൂട്ടറുകളിൽ തത്സമയം സംപ്രേഷണം ചെയ്തു. 

44.95 ഡോളറിന് 4000 അംഗങ്ങൾക്കാണ് ദൃശ്യങ്ങൾ നൽകിയത്. കഴിഞ്ഞ ഓഗസ്റ്റിലാണ് സംഭവം. ലൈംഗിക ഉള്ളടക്കമുള്ള വിഡിയോയുടെ നിർമാണവും പ്രചാരണവും ദക്ഷിണകൊറിയയിൽ നിയമവിരുദ്ധമാണ്. തങ്ങളുടെ അതിഥികളുടെ സ്വകാര്യ ദൃശ്യങ്ങൾ ചോർത്തുന്നത് ഹോട്ടൽ ഉടമകൾക്ക് അറിയാമായിരുന്നുവെങ്കിലും മൗനം പാലിച്ചെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ രാജ്യത്ത് പ്രതിഷേധം ശക്തമായി. നിരവധി സ്ത്രീകൾ തെരുവിലിറങ്ങി.