സിസേറിയനെ ലാഘവത്തോടെ കാണരുത്; സ്ത്രീയുടെ ഞെട്ടിക്കുന്ന അനുഭവം

അമ്മയാകുക ഏറ്റവും മനോഹരമായ അനുഭവങ്ങളിൽ ഒന്നാണ്, ഏറ്റവും വേദനാജനകവും. ഗർഭം ധരിക്കുന്ന കാലയളവ് മുതൽ പ്രസവിക്കുന്ന നിമിഷം വരെ വളരെ കൃത്യമായ തെരഞ്ഞെടുപ്പും പ്ലാനിങ്ങും എല്ലാവർക്കുമുണ്ടാകും. സ്വഭാവിക പ്രസവം സാധ്യമാകുന്ന വേളയിൽ തന്നെ സിസേറിയനു വേണ്ടി വാശിപ്പിടിച്ചു അമ്മയുടെയും ഗർഭസ്ഥ ശിശുവിന്റെയും ജീവിതം അപകടത്തിലാക്കുന്ന നിരവധി പേരെ നമുക്കു കാണാൻ സാധിക്കും. അതുപോലെ തന്നെ ഒരു ഘട്ടത്തിലും സിസേറിയനു സമ്മതിക്കാതെ കൊടുംവേദനയിലേയ്ക്ക് സ്ത്രീയെ തളളി വിടുന്നവരെയും നമുക്കു കാണാൻ സാധിക്കും. കൃത്യമായ ധാരണ ഇക്കാര്യങ്ങളെ കുറിച്ച് ബന്ധപ്പെട്ടവർക്ക് ഇല്ലാതെ പോകുന്നതാകും ഒരു കാരണം. 

പ്രസവത്തേക്കാൾ എളുപ്പം സിസേറിയനാണ് എന്ന് ചിന്തിക്കുന്നവർക്കു വേണ്ടിയാണ് മെൽ ബെർമിനർ എന്ന യുവതി പങ്കുവെച്ച അനുഭവമാണ് ഇപ്പോൾ ലോകശ്രദ്ധയാകർഷിക്കുന്നതും. മെട്രോ യു.കെ എന്ന രാജ്യാന്തര മാധ്യമമാണ് ഇത് സംബന്ധിച്ചുളള റിപ്പോർട്ട് പുറത്തു വിട്ടത്. സിസേറിയൻ വഴി തന്റെ ആദ്യ കുഞ്ഞിന് ജൻമം നൽകിയതിനു ശേഷം തനിക്കുണ്ടായ അനുഭവമാണ് മെൽ ബെർമിനർ പങ്കുവെച്ചത്. 

സിസേറിയൻ കഴിഞ്ഞതിന്റെ അഞ്ചാം ദിവസമാണ് മെല്ലിനെ നരകയാതനയിലേയ്ക്ക് തളളിവിട്ട സംഭവം അരങ്ങേറിയത്. കുളിക്കുന്നതിനിടെ താഴെ വീണ ഷാംപു എടുക്കാനായി കുനിഞ്ഞപ്പോഴാണ് കടുത്ത വേദന തനിക്കു അനുഭവപ്പെട്ടതെന്നും സിസേറിയനു ശേഷം തുന്നിക്കെട്ടിയ മുറിവിൽ നിന്നും പുറത്തുവരുന്ന തന്റെ കുടലാണ് കണ്ടതെന്നും മെൽ പറയുന്നു. മനോധൈര്യം കൈവിടാതെ തന്റെ കൈകൾ കൊണ്ട് പിടിക്കുകയായിരുന്നുവെന്നും മെൽ  പറഞ്ഞു. ശേഷം ഭർത്താവ് എയ്ഡൻ ജോൺസണനെ സഹായത്തിനു വിളിച്ചു. വൈകാതെ വൈദ്യസഹായം ലഭിക്കുകയും ചെയ്തു. ഭർത്താവ് ഈ ചിത്രം എടുക്കുമ്പോഴും വയറും കുടലും തന്റെ കൈകളിൽ തന്നെയായിരുന്നവെന്നും മെൽ പറയുന്നു. കുടൽ തന്റെ കൈകളിൽ നിന്നും വഴുതിയപ്പോൾ വല്ലാതെ താൻ ഭയന്നു പോയെന്നും ശാന്തത കൈവിടാതെ നോക്കിയതിനിലാണ് ആ നിമിഷത്തെ അതിജീവിക്കാൻ കഴിഞ്ഞതെന്നും മെൽ പറഞ്ഞു. ഉടൻ തന്നെ മെല്ലിനെ ആശുപത്രിയിൽ എത്തിച്ച് വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുകയായിരുന്നു.

2011 ഡിസബംർ 11 ന് തന്റെ ആദ്യ കുഞ്ഞിന് ജൻമം നൽകിയ മെൽ വർഷങ്ങൾക്കു ശേഷമാണ് ഈ ചിത്രം ലോകത്തിനു മുന്നിൽ പുറത്തു വിട്ടത്. സീസേറിയൻ പോലുളള മേജർ സർജറികൾ കഴിഞ്ഞ് ഇതൊക്കെ നിസാരമാണെന്ന് കരുതുന്ന അമ്മമാർക്കു വേണ്ടിയാണ് തന്റെ അനുഭവം വെളിപ്പെടുത്തുന്നതെന്ന് മെൽ പറയുന്നു. ആദ്യത്തെ കുട്ടി ജനിച്ചതിനു ശേഷം മൂന്നാം ദിവസം മുതൽ ശസ്ത്രക്രിയ നടത്തിയ മുറിവിന്റെ മധ്യഭാഗത്തായി വെളള നിറത്തിലുളള തടിപ്പ് ഭർത്താവ് എയ്ഡൻ ശ്രദ്ധിച്ചിരുന്നുവെങ്കിലും കൊഴുപ്പ് അടിയുന്നതാണെന്ന് കരുതി അവഗണിച്ചതായും മെൽ പറയുന്നു. അതിനു ശേഷമായിരുന്നു തുന്നിക്കെട്ടലുകൾ വിട്ട് മുറിവുകൾ പുറത്തു വന്നത്. സർജറിക്കു ശേഷം മുറിവുകൾ ഡോക്ടർമാർ വ്യക്തമായി പരിശോധിച്ചിരുന്നുവെന്നും പിന്നെ എന്തുകൊണ്ടാണ് ഇപ്രകാരം സംഭവിച്ചതെന്ന് അറിയില്ലെന്നും മെല്‍ പറയുന്നു.