അഗ്നിപർവതം ചാരവും പുകയും പുറന്തള്ളുന്നു; ഇനിയും സൂനാമി സാധ്യത: ഭീതി

Photo: Reuters/Susi Air

അഗ്നിപർവത സ്ഫോടനത്തെത്തുടർന്ന് ഇന്തൊനീഷ്യയിലുണ്ടായ കൂറ്റൻ സൂനാമിയുടെ ഭീതി അവസാനിക്കുന്നില്ല. വീണ്ടുമൊരു സൂനാമിക്കുള്ള എല്ലാ സാധ്യതകളുമുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇതിനു സഹായിക്കും വിധം താറുമാറായിരിക്കുകയാണു കാലാവസ്ഥ. ഉയർന്ന തിരമാലകൾ ഏതു നിമിഷവും ഉണ്ടായേക്കാമെന്നതിന്റെ സൂചനകൾ നൽകി അനക് ക്രാക്കട്ടോവ അഗ്നിപർവതം ചാരവും പുകയും പുറന്തള്ളുന്നതും തുടരുകയാണ്.  ശനിയാഴ്ച രാത്രിയാണു തെക്കൻ സുമാത്രയ്ക്കും പശ്ചിമ ജാവയ്ക്കുമിടയിലെ തീരമേഖലയിൽ സൂനാമി ആഞ്ഞടിച്ചത്.

സുമാത്രയ്ക്കും ജാവയ്ക്കുമിടയിലുള്ള സുൺഡ കടലിടുക്കിൽ സ്ഥിതി ചെയ്യുന്ന അനക് ക്രാക്കട്ടോവ പൊട്ടിത്തെറിച്ചതായിരുന്നു സൂനാമിക്കു കാരണമായത്. ഭൂകമ്പമുണ്ടാകാതിരുന്നതിനാൽ മുന്നറിയിപ്പു നൽകാനായില്ല. 305 മീറ്റർ ഉയരമുള്ള അഗ്നിപർവത ദ്വീപിന്റെ ഏകദേശം 222 ഏക്കർ പ്രദേശം ഇടിഞ്ഞു താണതോടെയാണ് സൂനാമിയുണ്ടായത്. ദ്വീപിന്റെ പല ഭാഗങ്ങളും ഇപ്പോഴും ഏതുനിമിഷവും ഇടിഞ്ഞു താഴാവുന്ന അവസ്ഥയിലാണ്. കൊടുംമഴയും തിരമാലകളും തുടരുന്നതും മേഖലയെ ഏറെ ദുർബലമാക്കുന്നു.

അനക് സ്ഥിതി ചെയ്യുന്ന മേഖലയിൽ നിന്നുള്ള ‘മുരൾച്ചകൾ’ നിരീക്ഷിക്കാൻ മാത്രമായി ഒരു മോണിട്ടറിങ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ദ്വീപ് തകർന്നടിഞ്ഞാൽ ജനങ്ങൾക്കു മുന്നറിയിപ്പു നൽകാൻ വേണ്ടിയാണിതെന്നും  കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശനിയാഴ്ച 222 ഏക്കർ പ്രദേശം തകർന്നപ്പോൾത്തന്നെ 16 അടി ഉയരത്തിലേക്കാണു തിരമാലകൾ ആഞ്ഞടിച്ചത്. ഇതോടെ തീരമേഖല പൂർണമായും തകർന്നു. ബുധനാഴ്ച ഉച്ചവരെ മരിച്ചത് 430 പേർ. 159 പേരെ കാണാതായിട്ടുണ്ട്. 1500ലേറെ പേർക്കു പരുക്കേറ്റു. ഇരുപതിനായിരത്തോളം പേരെ ഉയർന്ന പ്രദേശങ്ങളിലേക്കു മാറ്റി. തീരത്തു നിന്ന് രണ്ടു കിലോമീറ്ററോളം മേഖലയിൽ ആരെയും അനുവദിക്കാത്ത വിധം ‘എക്സ്ക്ലൂഷൻ സോൺ’ ആയി പ്രഖ്യാപിച്ചു.