അഭിമുഖത്തിനിടെ കഞ്ചാവ് വലിച്ചു; എലോൺ മസ്ക് കുരുക്കിൽ; പരിശോധനക്ക് നാസ

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് മനുഷ്യരെ അയക്കാനൊരുങ്ങുന്ന രണ്ട് കമ്പനികളുടെ സുരക്ഷാ മാനദണ്ഡങ്ങൾ പുനപ്പരിശോധിക്കാൻ ഉത്തരവിട്ട് നാസ. രണ്ട് കമ്പനികളുടെയും തൊഴിൽസാഹചര്യങ്ങളും സംസ്കാരവും വിലയിരുത്തും. ബോയിങ്, എലോൺ മസ്കിന്റെ സ്പേസ് എക്സ് എന്നീ കമ്പനികളാണ് നീണ്ട പുനപ്പരിശോധനകൾക്ക് വിധേയമാകുക. 

ജോ റോഗനൊപ്പമുള്ള ഒരു അഭിമുഖത്തിനിടെ എലോൺ മസ്ക് കഞ്ചാവ് വലിക്കുന്നതും വിസ്കി കഴിക്കുന്നതുമായ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. പിന്നാലെയാണ് മസ്കിന്റെ സ്പേസ് എക്സ് കമ്പനിയിലെ സാഹചര്യങ്ങൾ പുനപ്പരിശോധിക്കാൻ നാസ ഉത്തരവിട്ടത്. മയക്കുമരുന്ന് മുക്തമായ തൊഴിലിടവും സുരക്ഷയും നാസ മുന്നോട്ടുവെക്കുന്ന മാനദണ്ഡങ്ങളിലുണ്ട്. 

ബഹിരാകാശ നിലയത്തിലേക്ക് ആദ്യമായി നാസയുടെ സഞ്ചാരികളെ അയക്കാനുള്ള കരാര്‍ ലഭിച്ച കമ്പനികളാണ് സ്പേസ് എക്സും ബോയിങ്ങും. മനുഷ്യരെ വഹിച്ചുകൊണ്ടുള്ള സ്പേസ് ഫ്ലൈറ്റ് പ്രോഗ്രാമിന് പൊതുജനങ്ങളുടെ പിന്തുണയും വിശ്വാസ്യതയും ആവശ്യമാണെന്ന് നാസ അഡ്മിനിസ്ട്രേറ്റർ ജിം ബ്രിഡെൻസ്റ്റെയ്ൻ പറഞ്ഞു. 

കമ്പനിയുടെ പ്രഥമലക്ഷ്യങ്ങളിലൊന്നാണ് ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് പ്രോഗ്രാമെന്ന് സ്പേസ് എക്സ് വാർത്താക്കുറിപ്പിൽ അറിയിച്ചു. നാസ ഏൽപ്പിച്ച ദൗത്യത്തെ അതീവഗൗരവത്തോടെ കാണുന്നുവെന്നും കമ്പനി പ്രതികരിച്ചു.