മക്കളുടെ ജനനം െഎവിഎഫ് ചികില്‍സ വഴി; രഹസ്യം വെളിപ്പെടുത്തി മിഷേല്‍; ‘വേദനാനുഭവം’

അമേരിക്കൻ ജനതയെ ആഴത്തിൽ സ്വാധീനിച്ച, അവര്‍ക്ക് പ്രിയങ്കരരായ പ്രഥമ‌ വനിതകൾ വളരെ ചുരുക്കം. എന്നാൽ മുൻ അമേരിക്കൻ പ്രഥമ വനിത മിഷേൽ ഒബാമ അതിൽ നിന്ന് വേറിട്ട് നിൽക്കുന്നത് അവരുടെ നിലപാടുകളുടെ കരുത്തിലാണ്. ലോകം ഉറ്റുനോക്കി വെളിപ്പെടുത്തലിലൂടെ അവര്‍ വീണ്ടും വാര്‍ത്താതലക്കെട്ടുകളിലെത്തുന്നു. ദാമ്പത്യ ജീവിതത്തെപ്പറ്റിയും ഗർഭധാരണത്തെ സംബന്ധിച്ചും മിഷേൽ ഒരു മാധ്യമത്തിൽ നല്‍കിയ അഭിമുഖത്തിൽ വെളിപ്പെടുത്തുന്നു.

തന്റെ രണ്ടു പെൺകുട്ടികളായ മലിയയെയും സാക്ഷയെയും താൻ െഎവിഎഫ് വഴി ഗർഭം ധരിച്ചതാണന്ന് മിഷേൽ പറയുന്നു. മുൻ അഭിഭാഷകയും ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്ററുമായിരുന്ന മിഷേൽ ആ വേദന നിറ‍ഞ്ഞ നിമിഷത്തെ ഒാർത്തെടുക്കുന്നത് ഇങ്ങനെ: 'തന്റെ ജീവിത്തതിലെ ഏറ്റവും ദുർഘടമായ കാലഘട്ടം ആയിരുന്നു അത്. 20 വർഷം മുന്‍പ് കുഞ്ഞിനെ ഗർഭത്തിൽ വച്ച് നഷ്ടപ്പെട്ടിരുന്നു. ഞാൻ തീർത്തും പരാജിതയായി തോന്നിയ നിമിഷം ആയിരുന്നു അത്. കാരണം ഗർഭമം അലസലിനെക്കുറിച്ച് ഒന്നും അറിയാത്ത കാലമായിരുന്നു അത്. അതുകൊണ്ട് തന്നെഅതിനെക്കുറിച്ച് ചെറുപ്പക്കാരികളായ അമ്മമാരോട് സംസാരിക്കേണ്ടതുണ്ടന്ന് തോന്നി.

മുപ്പത്തിനാലാം വയസ്സിൽ തനിക്കൊരു കാര്യം മനസ്സിലാക്കാൻ കഴിഞ്ഞു. ബയോളജിക്കൽ ക്ലോക്ക് ഒക്കെ ശരിയാണെന്ന് ബോധ്യം വന്നു. അണ്ഡോത്പാദനമൊക്കെ കുറഞ്ഞുകൊണ്ടിരിക്കുന്ന സമയമായതിനാൽ താൻ ഐവിഎഫ് ചികിത്സയ്ക്ക് വിധേയയാകുകയായിരുന്നുവെന്നും മിഷേൽ പറഞ്ഞു.

സ്ത്രീ ശരീരത്തിലുണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ച് തുറന്നു സംസാരിക്കാത്തതാണ് സ്ത്രീകൾ സ്ത്രീകളോടു ചെയ്യുന്ന ഏറ്റവും വലിയ തെറ്റെന്നും മിഷേൽ ചൂണ്ടിക്കാട്ടുന്നു. ഇന്ന് ലോകം വാഴ്ത്തുന്ന ഞങ്ങളുടെ ദാമ്പത്യജീവിതം ഒരു ഘട്ടത്തിൽ കൈവിട്ട് പോകുന്ന അവസ്ഥയിൽ നിന്ന് തിരികെ കയറ്റിയത് കൗൺസിലിങ്ങ് ആണന്നും മിഷേൽ തുറന്നു സമ്മതിക്കുന്നു. അങ്ങനെ ഒരു വിള്ളൽ ഞങ്ങളുടെ ഇടയിൽ ഉണ്ടായത് കുഞ്ഞുങ്ങൾക്കായുള്ള ഐവിഎഫ് ചികിത്സയ്ക്കിടയാണ്. ആ സമയത്തായിരുന്നു തന്നെ ഒറ്റയ്ക്കാക്കി അദ്ദേഹം ഭരണകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിച്ചിരുന്നതെന്നും അതുകൊണ്ട് താന്‍ ഒറ്റയ്ക്കാണ് ഐവിഎഫ് ചികിത്സ നോക്കിയിരുന്നതെന്നും മിഷേൽ പറയുന്നു. ദാമ്പത്യബന്ധം സ്വാഭാവികമായി നിലനിർത്താൻ സഹായം വേണമെന്ന് തോന്നിയപ്പോൾ മടികൂടാതെ തങ്ങൾ അതു സ്വീകരിക്കണമെന്നും മിഷേൽ പുതുതലമുറയെ ഒാർമിപ്പിക്കുന്നു.

ചൊവ്വാഴ്ച പുറത്തിറങ്ങുന്ന പുസ്തകത്തിൽ ഇതുസംബന്ധിച്ച കാര്യങ്ങളെല്ലാം താൻ വിശദമായി പ്രതിപാദിച്ചിട്ടുണ്ടന്ന് മിഷേൽ വ്യക്തമാക്കി.