'സാത്താൻ ആവേശിച്ചപ്പോൾ'; 300 വർഷങ്ങൾ മുൻപ് കന്യാസ്ത്രീ എഴുതിയ കത്ത്; ഉളളടക്കം വായിച്ച് ഗവേഷകർ

ഇറ്റലിയിൽ 300 വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന കന്യാസ്ത്രീയാണ് സിസ്റ്റർ മരിയ ക്രോസിഫിസ. സാത്താൻ കന്യാസ്ത്രീയുടെ ശരീരത്തിൽ പ്രവേശിച്ചിരുന്നുവെന്നും സാത്താൻ ദേഹത്ത് ആവസിച്ച സമയത്ത് മരിയ ക്രോസിഫിസ ഒരു കത്തെഴുതിയിരുന്നുവെന്നുമാണ് ഐതീഹ്യങ്ങൾ. നിഗൂഢമായ ആ കത്ത് ആർക്കും പരിയചമില്ലാത്ത ഭാഷയിലായിരുന്നു താനും. എന്നാൽ ഇറ്റലിയിലെ ലഡം സയന്‍സ് സെന്ററിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘം ഏറെ നാളത്തെ പരിശ്രമത്തിനു ശേഷം കത്തിലെ നിഗൂഢ സന്ദേശം വായിച്ചെടുത്തുവെന്ന അവകാശവാദവുമായി രംഗത്തെത്തി.

സാത്താന്റെ വെളിപ്പെടുത്തലുകൾക്ക് അനുസരിച്ചാണ് കന്യാസ്ത്രീ കത്തുകൾ എഴുതിയിരുന്നതെന്നും, കത്ത് എഴുതുന്ന സമയത്ത് കന്യാസ്ത്രീയുടെ ബോധം മറയുകയും പലപ്പോഴും അവർ അലറി വിളിച്ചിരുന്നതായും ആശ്രമവാസികൾ വെളിപ്പെടുത്തിയിരുന്നതായാണ് ചരിത്രം.  ഡാര്‍ക്ക് വെബ് എന്നുപേരായ ശൃംഖലയില്‍ നിന്നും ലഭിച്ച സെല്‍ഫ് ഇന്റലിജന്‍സ് സംവിധാനമുള്ള കമ്പ്യൂട്ടര്‍ സോഫ്റ്റ്‌‌വെയറിന്‍റെ സഹായത്തോടെയാണ് രഹസ്യ സന്ദേശം വായിച്ചെടുത്തത്. പുരാതനമായ ഗ്രീക്ക്, അറബിക്, റൂണിക് ഭാഷകളോട് സാദൃശ്യമുള്ളതായിരുന്നു ലിപി. 

എന്നാൽ സാത്താൻ ആവേശിച്ചിരുന്നുവെന്നത് കഥകൾ മാത്രമാണെന്നും സിസ്റ്റര്‍ മരിയ സ്കിസോഫ്രീനിയ എന്ന രോഗത്തിന് അടിമയായിരുന്നുവെന്നും  സെന്റർ ഒാഫ് ഡയറക്ടർ ഡാനിയൽ അബേറ്റ പറയുന്നു. ഈ അസുഖം ബാധിതയായിരുന്നപ്പോഴാണ് സിസ്റ്റർ കത്ത് എഴുതിയതെന്നും അബേറ്റ പറഞ്ഞു. 

പതിനഞ്ചാം വയസിലാണ് മരിയ ക്രോസിഫിസ കന്യാസ്ത്രീയാകാൻ കോൺവെന്റിൽ എത്തുന്നത്. ദൈെവത്തിനെതിരെയും നന്മകൾക്കെതിരെയും മരിയ ക്രോസിഫിസയെ ഉപയോഗിക്കാനും സാത്താന്റെ ദാസിയാക്കി മാറ്റാനും ലൂസിഫർ അതിയായ നീക്കം നടത്തിയിരുന്നതായും അതിൽ ഒന്നായിരുന്നു ഈ കത്തെന്നുമായിരുന്നു കഥകൾ. സിസിലിയിലെ പല്‍മ ഡി മൊണ്ടിഷിയാരോ എന്ന കോണ്‍വെന്റില്‍ വച്ച് സാത്താൻ ശരീരത്തിൽ ആവസിച്ചപ്പോഴാണ് മരിയ ക്രോസിഫിസ കത്തെഴുതിയിരുന്നതെന്നുമാണ് ഐതിഹ്യങ്ങൾ. യേശുവും പിതാവും മരപ്പാവകളാണെന്നും മനുഷ്യാത്മാക്കളെ മുക്തിയിലേക്ക് നയിക്കാന്‍ ദൈവത്തെ അനുവദിക്കില്ലെന്നുമാണ് കത്തിൽ പ്രധാനമായി പറയുന്നതെന്ന് ​ഗവേഷകർ പറയുന്നു.