ചൈന-വത്തിക്കാന്‍ മഞ്ഞുരുകുന്നു; ഉടമ്പടിക്ക് രാഷ്ട്രീയമാനങ്ങളും

വിശ്വാസവിഷയങ്ങളിലെ ഇടപെടലിനെച്ചൊല്ലി ചൈനയും വത്തിക്കാനും തമ്മിലുള്ള ഭിന്നത അവസാനിക്കുന്നതായി സൂചന. ചൈനീസ് ഭരണകൂടം നിയമിക്കുന്ന ബിഷപ്പുമാരെ അംഗീകരിക്കാന്‍ വത്തിക്കാന്‍ സന്നദ്ധത അറിയിച്ചതായി രാജ്യാന്തരമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടാല്‍ ഏറെ രാഷ്ട്രീയമാനങ്ങള്‍കൂടി കല്‍പ്പിക്കപ്പെടുന്ന  ഉടമ്പടിക്കാവും രാജ്യാന്തരസമൂഹം സാക്ഷ്യം വഹിക്കുക

രാജ്യത്തിന്റെ പരമാധികാരത്തിനുമേല്‍ ഒരുവിധ വൈദേശിക ഇടപെടലും അനുവദിക്കില്ലെന്ന ചൈനയുടെ സമീപകാലനയം കത്തോലിക്കാസഭയ്ക്കാണ് ഏറെ ദോഷം ചെയ്തത്. ഇതോടെ വിശ്വാസികളുടെ ആത്മീയവും ഭരണപരവുമായ തീരുമാനങ്ങള്‍ മാര്‍പാപ്പ തീരുമാനിക്കുന്ന പരമ്പരാഗതരീതി ചൈനയില്‍ നടപ്പാക്കാനാവാത്ത സ്ഥിതിയായി. സഭയെ വെല്ലുവിളിച്ച്  ചൈനീസ് ഭരണകൂടം വാഴിച്ച എട്ട് മെത്രാന്മാരെ വത്തിക്കാന്‍ അംഗീകരിച്ചതുമില്ല. ഇതോടെയാണ്  ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നയപരവും രാഷ്ട്രീയവുമായി ഭിന്നത രൂക്ഷമായത്. ചൈനീസ് തായ്പേയ് ആര്‍ച്ച് ബിഷപ്പിനെ ആത്മീയകാര്യങ്ങളുടെ മേല്‍നോട്ടത്തിന് മാര്‍പാപ്പ ചുമതലപ്പെടുത്തിയിരുന്നു. തായ്പേയ് അതിരൂപതയുടെ മധ്യസ്ഥതയില്‍ നടന്ന അനുരഞ്ജന ശ്രമങ്ങളാണിപ്പോള്‍ ഫലംപ്രാപ്തിയിലേക്കെത്തുന്നത്. 

ധാരണപ്രകാരം ചൈന നിയമിക്കുന്ന ബിഷപ്പുമാരെ വത്തിക്കാന്‍ അംഗീകരിക്കും. വത്തിക്കാന്‍  അന്തിമതീരുമാനം കൈക്കൊള്ളുന്നതോടെ  മാര്‍പാപ്പയുടെ വിശ്വാസപരമായ അപ്രമാദിത്യം നടപ്പിലാവുകയും ചെയ്യും. എന്നാല്‍ വത്തിക്കാനെ ചൈന അംഗീകരിച്ചാല്‍ ‘ഒറ്റ ചൈന’ നയപ്രകാരം വത്തിക്കാനുമായി നയതന്ത്രബന്ധമുള്ള ചൈനീസ് തായ്പേയ്ക്ക് ബന്ധം വിച്ഛേദിക്കേണ്ടി വന്നേക്കും. ചൈന –വത്തിക്കാന്‍ ഉടമ്പടി ആത്മീയ വിഷയങ്ങളെ മാത്രമാകും ബാധിക്കുകയെന്ന് അതിരൂപതാ നേതൃത്വം പ്രത്യാശ പ്രകടിപ്പിച്ചു