ഫ്ളോറൻസ് തൊട്ടരികെ, അതീവ അപകടകാരി, വിറക്കുമോ അമേരിക്ക ?

ആറു പതിറ്റാണ്ടിനു ശേഷമെത്തുന്ന ഏറ്റവുംവലിയ ചുഴലിക്കാറ്റിനെ നേരിടാനൊരുങ്ങി അമേരിക്ക. മണിക്കൂറില്‍ 225 കിലോമീറ്റര്‍ വേഗത്തില്‍ വീശുന്ന ഫ്ലോറന്‍സ് ഇന്ന് രാത്രിയോടുകൂടിയോ നാളെ പുലര്‍ച്ചയോ അമേരിക്കന്‍ തീരങ്ങളില്‍ വീശും. ഫ്ളോറന്‍സിനെ നേരിടാന്‍ യു.എസ്. തയാറാണെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  വ്യക്തമാക്കി.

ഫ്ളോറന്‍സ് ചുഴലിക്കാറ്റ് അമേരിക്കന്‍ തീരത്തേക്ക് ആഞ്ഞടിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.  നോര്‍ത്ത് കാരലൈനയിലും സൗത്ത് കാരലൈനയിലുമാണ് ആദ്യം കാറ്റ് വീശുക. നിലവില്‍ കാറ്റിന് 225 കിലോമീറ്റര്‍ വേഗമുണ്ട്.  ചുഴലിക്കാറ്റുകളുടെ തീവ്രത കുറിക്കുന്ന ഒന്നുമുതല്‍ അഞ്ചുവരെയുള്ള പട്ടികയില്‍ നാലാം വിഭാഗത്തിലാണ് നിലവില്‍ ഫ്ളോറന്‍സ്. കരയിലെത്തുമ്പോള്‍  വേഗം കൂടി അഞ്ചാം കാറ്റഗറിയിലേക്ക് മാറാം.  കാറ്റിനൊപ്പം പേമാരിയും പ്രളയവുമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. തിരമാലകള്‍ 12 അടി വരെ ഉയര്‍ന്നേക്കാം. ഫ്ലോറന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്ന് 15 ലക്ഷത്തിലേറെ പേരോട് ഒഴിഞ്ഞുപോകാന്‍ മുന്നറിയിപ്പ് നല്‍കി. 

കാറ്റ് വീശുന്ന സംസ്ഥാനങ്ങളില്‍ പ്രസിഡന്റ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സ്കൂളുകള്‍ , സര്‍വകലാശാലകള്‍, ഫാക്ടറികള്‍ എന്നിവ അടച്ചു.മൂന്നു സംസ്ഥാനങ്ങളിലായുള്ള 16 ആണവ കേന്ദ്രങ്ങളുടേയും സുരക്ഷയ്ക്കാവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. പ്രദേശം വിട്ടൊഴിയുന്ന ജനങ്ങളുടെ ബാഹുല്യം വന്‍ ഗതാഗതക്കുരുക്കിനും ഇന്ധനക്ഷാമത്തിനും വഴിവച്ചിട്ടുണ്ട്.  1989നു ശേഷം കാരലൈനയില്‍ വീശുന്ന ഏറ്റവും ശക്തമായ ചുഴലിക്കാറ്റായിരിക്കും ഫ്ളോറന്‍സ്. 

അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ നാശം വിതച്ച് ആഞ്ഞടിച്ച കത്രീന ഉള്‍പ്പെടെ ചുഴലിക്കാറ്റുകളുടെ ഒരു നിരതന്നെ യു.എസ്. തീരമേഖലകളില്‍  അടുത്ത കാലങ്ങളില്‍ നാശം വിതച്ചിരുന്നു