ലാവോസിന് പിന്നാലെ മ്യാൻമറിലും ഡാം പൊട്ടി; 85 ഗ്രാമങ്ങൾ വെള്ളത്തിനടിയില്‍

മ്യാൻമറിൽ അണക്കെട്ടിന്റെ ഒരുഭാഗം തകർന്നുണ്ടായ ദുരന്തത്തിൽ 85 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. 63000 ആളുകൾക്ക് വീടുകൾ നഷ്ടമായി. പ്രധാന റോഡുകളും ഹൈവേയും പ്രളയത്തിൽ മുങ്ങി. ബാഗോ പ്രവിശ്യയിലെ സ്വാ ഷൗങ് അണക്കെട്ടാണ് തകർന്നത്. 

സ്പിൽവേയിലുണ്ടായ തകരാറിനെത്തുടർന്നാണ് ഡാമിന്റെ ഒരുഭാഗം തകര്‍ന്നത്. ദുരന്തത്തിൽ ഇതുവരെ ഒരാള്‍ മരിച്ചു. ആറ് പേരെ കാണാതായി. 

ഈ വർഷത്തെ അധികമഴയിൽ അണക്കെട്ടിലെ വെള്ളം 338.6 അടിയിലേക്ക് ഉയർന്നതാണ് സ്പിൽവേ തകരാൻ കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. 

അയൽരാജ്യമായ ലാവോസിൽ കഴിഞ്ഞ മാസം ഡാം തകർന്ന് അപകടമുണ്ടായിരുന്നു. ദുരന്തത്തിൽ 36 പേരാണ് മരിച്ചത്.  നൂറിലധികം പേരെ കാണാതായി. ആറുഗ്രാമങ്ങളെ മുക്കിയ പ്രളയത്തെത്തുടർന്ന് നിരവധി പേര്‍ക്ക് വീടുകൾ നഷ്ടമായി. 

രാജ്യത്ത് മഴ ശക്തമായതോടെ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. ഇതോടെ മേഖലയിലെ ഡാമുകളുടെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയരുകയാണ്.