കത്തുന്ന വീട്ടില്‍ നിന്ന് കുട്ടികളെ പുറത്തേക്കെറിഞ്ഞ് അമ്മ; തീ വിഴുങ്ങിയ ധീരത: ദാരുണം

മക്കളെ രക്ഷപെടുത്തി മരണത്തിന് കീഴടങ്ങി ഒരമ്മ. തീപിടിച്ച കെട്ടിടത്തിൽ നിന്നും കുട്ടികളെ താഴേക്ക് ഇടുകയായിരുന്നു യുവതി. താഴെ നിന്നവർ കുട്ടികളെ പിടിച്ചു. കെട്ടിടത്തിന്റെ  അഞ്ചാം നിലയിൽ നിന്നാണ് ഇവർ കുട്ടികളെ എറിഞ്ഞത്.  അഞ്ചാം നിലയിൽ തീപിടിക്കുകയും രക്ഷപെടാനുള്ള എല്ലാ വഴികളും അടയുകയും ചെയ്തതോടെയാണ് കുട്ടികളെ ഇവർ താഴേക്കിട്ടത്.‌

ചൈനയിലെ ഹെനാൻ പ്രവിശ്യയിലുള്ള കെട്ടിടത്തിലാണ് തീപിടിച്ചത്. ഒമ്പത് വയസുള്ള ആൺകുട്ടിയെയും 3 വയസുള്ള പെൺകുട്ടിയെയുമാണ് ഇവർ താഴേക്ക് എറിഞ്ഞത്. ആദ്യം രണ്ട് ബെഡ്ഷീറ്റുകളാണ് എറിഞ്ഞത്. താഴെ നിൽക്കുന്നവർക്ക് കുട്ടികളെ സുരക്ഷിതമായി പിടിക്കാൻ വേണ്ടിയാണിത്. പിന്നീട് മകനെയും മകളെയും ജനാലവഴി താഴേക്കിട്ടു. 

യുവതിയോടും താഴേക്ക് ചാടാൻ താഴെ നിൽക്കുന്നവർ ആവശ്യപ്പെട്ടുവെങ്കിലും അവർ ബോധരഹിതയായി തറയിലേക്ക് വീഴുകയായിരുന്നു. പീന്നീട് പുക മറയുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. രക്ഷാപ്രവർത്തകർ എത്തി യുവതിയേയും കുട്ടികളെയും ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അമ്മയെ രക്ഷിക്കാനായില്ല. കുട്ടികൾക്ക് രണ്ട് പേര്‍ക്കും കാര്യമായ പരുക്കുകളില്ല. പെൺകുട്ടിയുടെ കാലിൽ ചെറിയ പൊട്ടലുണ്ട്. അത് ഉടൻതന്നെ പരിഹരിക്കുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചതെന്ന് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു.