ചുവന്ന തൊപ്പിെയെ അപമാനിച്ച പുരോഹിതന്‍

ആഗോള കതോലിക്ക സഭയുടെ ചരിത്രത്തിലാദ്യമായി ലൈംഗികാരോപണങ്ങളെ തുടര്‍ന്ന് ഒരു കര്‍ദിനാള്‍ ചുവന്ന തൊപ്പി അഴിച്ചു.  മുന്‍ വാഷിങ് ടണ്‍ ആര്‍ച്ച് ബിഷപ്പ് തിയോഡാര്‍ ഇ മക്കാറിക്കാണ് വത്തിക്കാന്‍റെ  ഉന്നത സമിതിയായ കര്‍ദിനാള്‍ സംഘത്തിൽ നിന്ന് രാജിവച്ചത്. ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് രാജി സമര്‍പ്പിച്ച കര്‍ദിനാളിനെ സഭയുടെ എല്ലാ ചുമതലകളില്‍ നിന്നും വത്തിക്കാന്‍ മാറ്റിനിര്‍ത്തി. ഉന്നതപുരോഹിതര്‍ക്കെതിര  ഉയരുന്ന പലതരത്തിലുള്ള ആരോപണങ്ങവുടെ പേരില്‍ കതോലിക്കസഭ നാണക്കേട് നേരിടുമ്പോഴാണ് കര്‍ദിനാളിനെതിരായ നടപടി. ലൈംഗികകുറ്റകൃത്യത്തില്‍ ശിക്ഷിക്കപ്പെട്ട ആര്‍ച്ച് ബിഷപ്പ് ഫിലിപ് വില്‍സണും രാജിവച്ചു. 

അമേരിക്കയില്‍ കത്തോലിക്കാ സഭയുടെ സ്വാധിനം വളര്‍ത്തുന്നതില്‍ മുഖ്യപങ്കുവഹിച്ച വ്യക്തിയാണ് ന്യൂയോര്‍ക്കില്‍ നിന്നുള്ള  തിയോഡോര്‍ ഇ മകാറിക്ക്. 1958ല്‍ വൈദികപട്ടം നേടിയ മകാറിക്ക്  ന്യൂയോര്‍ക്കില്‍ സഹായമെത്രനായി സേവനമനുഷ്ടിച്ചു. 1986ലാണ് ന്യൂയോര്‍ക്ക് ആര്‍ച്ച് ബിഷപ്പായി മക്കാറിക്കിന് സ്ഥാനക്കയറ്റം ലഭിക്കുന്നത്. ജനകീയനായ പുരോഹിതനായിരുന്നു അക്കാലത്ത് മകാറിക്ക്. സമൂഹത്തില്‍ താഴെക്കിടയില്‍ ഉള്ളവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി പ്രവര്‍ത്തിച്ചു. രാജ്യാന്തരതലത്തില്‍ സഭയുടെ സ്വാധീനം വളര്‍ത്തുന്നതിനും വിശ്വാസികളെ കൂട്ടുന്നതിനും നിരവധി കാര്യങ്ങള്‍ ചെയ്തു. കമ്യൂണിസ്റ്റ് രാജ്യമായ ക്യൂബയിലെത്തി മതസ്വാതന്ത്ര്യത്തിനായി ഫിഡല്‍ കാസ്ട്രോയുമായി ചര്‍ച്ചകള്‍ നടത്തി. 

രണ്ടായിരത്തിലാണ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ തിയോഡര്‍ മകാറിക്കിനെ വാഷിങ്ടണ്‍ ആര്‍ച്ച് ബിഷപ്പായി നിയമിക്കുന്നത്. വാഷിങ്ടണ്ണിന്റെ അഞ്ചാമത്തെ ആര്‍ച്ച് ബിഷപ്പായിരുന്നു മകാറിക്ക്. തൊട്ടടുത്ത വര്‍ഷം 2001 ഫെബ്രുവരി 21ന് മകാറിക്കിനെ മാര്‍പാപ്പ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തി. കര്‍ദിനാള്‍മാരുടെ ഉന്നത സമിതിയായ കോളജ് ഓഫ് കര്‍ദിനാള്‍സിസില്‍ അംഗമായ മകാറിക്ക് 2005ല്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള പാപ്പല്‍ കോണ്‍ക്ലേവിലും അംഗമായിരുന്നു. 75ാം വയസില്‍ 2006ലാണ് വാഷിങ്ടണ്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനത്തുനിന്ന് മക്കാറിക്ക് മാറിയത്. 

നല്ലവനായി പേരുകേട്ട മകാറിക്കിന്റെ   മറ്റൊരു മുഖം തെളിഞ്ഞുവന്നത് പിന്നീടാണ്.  ലൈംഗിക വൈകൃതങ്ങളുടെ അടിമയായിരുന്നു മകാറിക്ക്. 2006ല്‍  ആര്‍ച്ച്  ബിഷപ്പ് സ്ഥാനത്തുനിന്ന് മാറിയ ഉടനെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ മകാറിക്ക് പണം കൊടുത്ത് ഒതുക്കി . 2010ല്‍ അമേരിക്കയില്‍ വൈദികര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന മനശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് ഷിപ്പെ(മകാറിക്ക് മൂടിവച്ച പരാതികള്‍ പലതും വെളിച്ചത്തുകൊണ്ടുവന്നു.  വിശ്വാസികള്‍ മകാറിക്കിനെതിരെ തിരിഞ്ഞു. മകാറിക്കിനെതിരായ ആരോപണങ്ങള്‍ അന്വേഷിച്ച  സഭാസമിതി ആരോപണങ്ങള്‍ ശരിയാണെന്ന് കണ്ടെത്തി. ഒടുവില്‍ ഈ വര്‍ഷം ജൂണില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നേരിട്ട് ഇടപെട്ടതോടെ മകാറിക്കിനെതിരെ ആദ്യ നടപടി വന്നു.  കുര്‍ബാനയടക്കമുള്ള പ്രാര്‍ഥനാ ശ്‌ശ്രൂഷകളില്‍ നിന്ന് മാറിനില്‍ക്കാന്‍ മകാറിക്കിനോട് വത്തിക്കാന്‍ ആവശ്യപ്പെട്ടു.

"HE PRAYED ON MEN WHO WANTED TO BE PRIESTS. THEN HE BECAME A CARDINAL" എന്ന തലക്കെട്ടില്‍ ജുലൈ 16ന് ന്യൂയോര്‍ക്ക് ടൈംസില്‍ മകാറിക്കിനെതിരെ വന്ന ലേഖനം സ്ഫോടനമായി. അഞ്ച് പതിറ്റാണ്ടുമുന്‍പ് നടന്ന കേട്ടാല്‍ അറയ്ക്കുന്ന പീഡനകഥകള്‍ പേരുവെളിപ്പെടുത്താതെ നിരവധിപേര്‍ തുറന്നുപറഞ്ഞു. 16 കാരനായ അള്‍ത്താരബാലനെ മകാറിക് അരമനയില്‍ പീഡിപ്പിച്ചത് ഒന്നിലേറെ തവണയാണ്. മോഹനവാഗ്ദാനങ്ങള്‍ നല്‍കി സെമിനാരിയിലെ വിദ്യാര്‍ഥികളെ  അമേരിക്കയിലെ പല സ്ഥലങ്ങളിലും കൊണ്ടുപോയി ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയാക്കി. മകാറിക്കിനെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ സഭയിലെ മറ്റ് പല പുരോഹിതന്‍മാര്‍ക്കും അറിയാമായിരുന്നു പലരും കണ്ണടച്ചു. ഒടുവിലാണ് ന്യൂയോര്‍ക്ക് ടൈംസ് വാര്‍ത്തയിലൂടെ   എല്ലാം വെളിച്ചത്തുവന്നത്. 

വാദങ്ങളെല്ലാം പൊളിഞ്ഞെന്ന് ഉറപ്പായതോടെ തിയോഡര്‍ മകാറിക് കര്‍ദിനാള്‍ പദവി വഹിക്കാന്‍‌ അര്‍ഹനല്ലാതായി. ഒടുവില്‍ കര്‍ദിനാള്‍മാരുടെ ഉന്നത സമിതിയായ    കര്‍ദിനാള്‍ സംഘത്തില്‍   നിന്ന് തിയോഡര്‍ രാജിവച്ചു. രാജി സ്വീകരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ തിയോഡറിനെ സഭയുടെ എല്ലാ ചുമതലകളില്‍ നിന്നും മാറ്റി.  ആഗോളകതോലിക്കാ സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ്  ഒരു  കര്‍ദിനാളിന് ലൈംഗികാരോപണങ്ങളുടെ പേരില്‍ ചുവന്ന തൊപ്പിയഴിക്കേണ്ടി വരുന്നത്.  ആസ്്ട്രേലിയന്‍ ആര്‍ച്ച് ബിഷപ് ഫിലിപ് വില്‍ണ്‍ന്‍റെ രാജിയും ഈയാഴ്ച മാര്‍പ്പാപ്പ ആംഗീകരിച്ചു. 1970കളില്‍ നടന്ന പുരപോഹിതരുടെ ബാലലൈംഗികപീഡനങ്ങള്‍ മറച്ചുവച്ചതിന് ആസ്ട്രേലിയന്‍ കോടതി അദ്ദേഹത്തെ ശിക്ഷിച്ചിരുന്നു.

സഭയുടെചരിത്രത്തില്‍ ആദ്യമായാണ് ഉന്നതപുരോഹിതന് ലൈംഗികപീഡനക്കേസില്‍ ജയില്‍ ശിക്ഷയനുഭവിക്കേണ്ടി വരുന്നത്. സഭയുടെ ശക്തിയിലും സ്വാധീനത്തിലും ആശങ്കപ്പെടാതെ ഉറച്ച നടപടികളുമായി മുന്നോട്ടു പോയി കത്തോലിക്ക ഭൂരിപക്ഷ രാജ്യമായ ആസ്ട്രേലിയ. കുറ്റാരോപിതര്‍ക്കു കുടപിടിക്കാന്‍ ഒരു വിശ്വാസിയും രംഗത്തു വന്നില്ല. കുറ്റവാളിയെ ശിക്ഷിച്ചതിലൂടെ ആസ്ട്രേലിയന്‍ കത്തോലിക്ക സഭയുടെ വികാരം വ്രണപ്പെട്ടില്ല.നിയമം നിയമത്തിന്‍റെ വഴിക്ക് പോകണം എന്നാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെയും  നിലപാട്. ഡബ്ലിനില്‍ നടക്കുന്ന വിശ്വാസസംഗമത്തില്‍ പങ്കെടുക്കുന്നതിന് മുമ്പ് കുറ്റാരോപിതരെ പുറത്താക്കും എന്ന് അദ്ദേഹം നിശ്ചയിച്ചുറപ്പിച്ചിരുന്നു. 

ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്ന്  മെത്രാന്‍ര്‍ക്കെതിരെ ഉയരുന്ന  ആരോപണങ്ങള്‍  ആഗോളകത്തോലിക്ക  സഭയെ പിടിച്ചുലയ്ക്കുകയാണ്. 

സഭയ്ക്കെതിരായ ആരോപണങ്ങള്‍ മുറിവേല്‍പ്പിക്കുന്നത് വിശ്വാസികളേകൂടിയാണ്. നൂറ്റിമുപ്പത് കോടിയിലേറെ വിശ്വാസികള്‍ വരുന്ന പുരാതനവിശ്വാസ സമൂഹം ഏറ്റവും വലിയ ക്രൈസ്തവ വിഭാഗം കൂടിയാണ്.  വിദ്യാഭ്യാസ, ആതുരശുശ്രൂഷാ മേഖലകളിലെ സംഭാവനയിലൂടെ  ലോകപുരോഗതിയില്‍ നിര്‍ണായക  പങ്കുവഹിച്ചു സഭ. മനുഷ്യപരിണാമത്തിന്റെ വഴികളില്‍ ആഗോള കത്തോലിക്ക സഭയുടെ സ്വാധീനം എടുത്തുപറയേണ്ട ഒന്നാണ്.  വിശ്വാസസമൂഹമാണ് സഭയുടെ കരുത്ത്  . വിശ്വാസികളെ ഒന്നിച്ചു നിര്‍ത്തുന്നതും   വഴികാട്ടികളാകുന്നതും ദൈവത്തിന്റെ പ്രതിപുരുഷന്‍മാരെന്ന് വിശ്വാസികള്‍ കരുതുന്ന പുരോഹിതരാണ്. ഒരു കുഞ്ഞാടുപോലും വഴിതെറ്റിപ്പോകാതെകാത്തു പരിപാലിക്കേണ്ട ഇടയന്‍മാര്‍. പക്ഷേ ഇടയന് വഴിതെറ്റിയാലുണ്ടാകാവുന്ന അപകടങ്ങളിലൂടെയാണ് കത്തോലിക്ക സഭ ഇപ്പോള്‍ കടന്നുപോകുന്നത്.  വൈദികര്‍ നീതിക്കുചേരാത്ത പ്രവര്‍ത്തകളില്‍ ഏര്‍പ്പെടുമ്പോള്‍ അത് ഒരു വ്യക്തിയുടെ മാത്രമല്ല വലിയൊരു സമൂഹത്തിന്റെ തന്നെ അന്തസ് കളഞ്ഞുകുളിക്കുന്നു. 

സ്‌ഥാനത്യാഗം ചെയ്‌ത മാർപാപ്പ ബനഡിക്‌ട് പതിനാറാമൻ അവസാന രണ്ടു വർഷങ്ങളിൽ  400 വൈദികരെയാണ് പുറത്താക്കിയത്. കുട്ടികളെ ലൈംഗികമായി ദുരുപയോഗപ്പെടുത്തി എന്നതായിരുന്നു കുറ്റം.  ശക്തമായ നടപടികള്‍ എടുത്ത് മുന്നോട്ട് പോകുമ്പോഴാണ് രോഗം ബാധിച്ചത് കേവലം വൈദികരെ മാത്രമല്ലെന്ന് സഭ മനസിലാക്കിയത്. തിരുവസ്ത്രമണിഞ്ഞ് ഉന്നതസ്ഥാനങ്ങളില്‍ ഇരിക്കുന്ന മെത്രാന്‍മാര്‍ മുതല്‍ കര്‍ദിനാള്‍മാര്‍ വരെ നീതിക്കുനിരക്കാത്തത് ചെയ്ത് സഭയെ നാണംകെടുത്തികൊണ്ടിരിക്കുന്നു.

തെറ്റുചെയ്യുന്നവര്‍ എത്ര ഉന്നതരായാലും സംരക്ഷിക്കേണ്ടതില്ല എന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ നിലപാടിനൊപ്പം നില്‍ക്കുകയാണ് സഭയക്ക് ഈ നാണക്കേടില്‍ നിന്ന് പുറത്തുകടക്കാനുള്ള മാര്‍ഗം. അദ്ദേഹം പറയുംപോലെ അതാത് രാജ്യത്തെ നിയമങ്ങള്‍ അതിന്‍റെ വഴിക്ക് പോകാന്‍ വിശ്വാസസമൂഹം അനുവദിക്കണം.  ഇത്തരം കരടുകള്‍ എടുത്തുകളഞ്ഞാലെ സഭ വിശുദ്ധമാക്കപ്പെടു എന്ന തിരിച്ചറിവ് ഓരോ വിശ്വാസിക്കും ഉണ്ടാവണം.